antony-raju-verdict

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്‍റണിരാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി ഇന്ന്. ഹര്‍ജിയും തടസ ഹര്‍ജിയും വാദപ്രതിവാദങ്ങളുമായി മൂന്ന് പതിറ്റാണ്ടിലേറെയാണ് കേസ് നീണ്ടത്. ലഹരിക്കേസില്‍  പിടിയിലായ വിദേശിയെ രക്ഷിക്കാൻ തെ‌ാണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്‍റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിന്‍റെ വിചാരണ പൂർത്തിയാക്കിയത്. കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തെ‌ാണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും പത്തൊൻപത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

ENGLISH SUMMARY:

The Nedumangad Judicial First Class Magistrate Court is set to deliver its verdict today in the 30-year-old evidence tampering case involving MLA Antony Raju. The case alleges that Raju, while a lawyer in 1990, tampered with a drug-soaked garment to help an Australian national escape conviction. Following a Supreme Court order to expedite the trial, the court concluded arguments involving 19 witnesses. Get the latest updates on Antony Raju's case verdict and its impact on Kerala politics.