കോഴിക്കോട് വടകര തിരുവള്ളൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതികള്‍ക്കെതിരെ നിസാരവകുപ്പ് ചുമത്തി വിട്ടയച്ചെന്ന ആരോപണവുമായി കുടുംബം. പൊലീസ് സ്റ്റേഷനില്‍ ഹാജരായ നാലുപേരെയും വിട്ടയച്ചിരുന്നു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം.
സംഘം ചേര്‍ന്നുണ്ടായ മര്‍ദനത്തില്‍ പ്രതികള്‍ക്കെതിരെ നിസാരവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 15 പേര്‍ക്കെതിരെയെടുത്ത കേസില്‍ നാലുപേര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് നോട്ടീസ് നല്‍കി വിട്ടയച്ചു. ഇതോടെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
സംഘം ചേര്‍ന്ന് മര്‍ദനം, തടഞ്ഞുവച്ച് അക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ പ്രതികള്‍ കൊല്ലുകയെന്ന ഉദേശ്യത്തോടെയാണ് അക്രമിച്ചതെന്നാണ് കുടുംബം പറയുന്നത്. മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കാനും കോടതിയെ സമീപിക്കാനുമാണ് തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ യുവാവ് ഓടിച്ച ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.