സ്ഥിരം ജീവനക്കാരില്ലാതെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകൾ. ഡയാലിസിസ് യൂണിറ്റുകൾ ഉള്ള 111 ആശുപത്രികളിൽ 83ലും താൽക്കാലിക ജീവനക്കാരാണ്. ഡയാലിസിസിനിടെ ഉണ്ടായ അസ്വസ്ഥതകളെ തുടർന്ന് രണ്ടു പേർ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയിലടക്കം ആലപ്പുഴ ജില്ലയിൽ ഒരു സർക്കാർ ആശുപത്രിയിലും ഡയാലിസിസ് നടത്താൻ സ്ഥിരം സ്റ്റാഫില്ല.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലുള്ള ആശുപത്രികളിൽ 111 ഇടത്താണ് ഡയാലിസിസ് യൂണിറ്റുകൾ ഉള്ളത്. ഇതിൽ 83 സർക്കാർ ആശുപത്രികളിൽ ഒരിടത്തും സ്ഥിരം ജീവനക്കാരില്ല. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ അസ്വസ്ഥതകളുണ്ടായ രണ്ടു രോഗികൾ മരിച്ചതിനെ തുടർന്നാണ് മനോരമ ന്യൂസ് വിവരങ്ങൾ ശേവരിച്ചത്. ആലപ്പുഴ ജില്ലയിൽ ഡയാലിസിസ് യൂണിറ്റ് ഉള്ള സർക്കാർ ആശുപത്രികളിൽ ഒരിടത്തും സ്ഥിരം ടെക്നീഷ്യൻമാരില്ല. ഡയാലിസിസ് കേന്ദ്രങ്ങളിൽ മേൽനോട്ട ചുമതലയും മറ്റാരെയെങ്കിലും ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.
28 ആശുപത്രികളിൽ മാത്രമാണ് സ്ഥിരം സ്റ്റാഫ് ഉള്ളത്. ഇതാകട്ടെ 68 ടെക്നീഷ്യൻമാർ മാത്രം. സർക്കാർ ആശുപത്രികളിലുള്ളത് 1254 ഡയാലിസിസ് യന്ത്രങ്ങളാണ്. 5410 രോഗികൾക്കാണ് ഡയാലിസിസ് നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ ഒരു മാസം നടക്കുന്നത് 60 ,000 ഡയാലിസിസുകളാണ്. ഒരു വർഷം 7 ലക്ഷം ഡയാലിസിസുകൾ. 6500 പേർ ഡയാലിസിസിന് വെയ്റ്റിങ് ലിസ്റ്റിൽ അവസരം കാത്തിരിക്കുന്നു. മൂന്ന് യന്ത്രത്തിന് ഒരു ടെക്നീഷ്യൻ എന്ന നിലയിൽ 1254 ജീവനക്കാർ വേണം. സ്ഥിരം സ്റ്റാഫ് ഇല്ലാത്തതിനാൽ പലയിടത്തും മൂന്ന് ഷിഫ്റ്റ് ഇല്ല. ഇക്കാരണത്താൽ ആയിരത്തോളം രോഗികൾക്ക് ഡയാലിസിസിനുള്ള അവസരം നഷ്ടമാക്കുന്നു.
250 പേരടങ്ങിയ PSC റാങ്ക് പട്ടികയും ആറ് മാസമായി നിലവിലുണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ട് ഡയാലിസിസ് രോഗികൾ മരിച്ചതിൽ ഡയാലിസിസ് യന്ത്രങ്ങൾ, വെള്ളം, മരുന്ന്, ഐവി ഫ്ലൂയിഡ് എന്നിവയുടെ ഗുണനിലവാരം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താൻ ആശുപത്രി സന്ദർശിച്ച ആരോഗ്യ വകുപ്പ് സംഘം നിർദ്ദേശം നൽകി.