medical

TOPICS COVERED

എറണാകുളം വടക്കൻ പറവൂർ  സ്വദേശി കാവ്യമോളുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ച് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം. പ്രസവ ചികിത്സയ്ക്കിടെ അമിത രക്തസ്രാവമുണ്ടായത് കുടുംബത്തെ അറിയിക്കാൻ വൈകിയെന്നാണ് പറവൂർ ഡോൺ ബോസ്കോ ആശുപത്രിക്കെതിരെയുള്ള പരാതി. എന്നാൽ കുടുംബത്തിന്റെ ആരോപണം തള്ളിയ ആശുപത്രി അപൂർവമായ രക്തസ്രാവമാണ് കാവ്യ മോൾക്ക് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി.

ഡിസംബർ 23നാണ് രണ്ടാമത്തെ പ്രസവത്തിനായി കാവ്യമോളെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24ന് കാവ്യ പ്രസവിച്ചു. തുടർന്നുണ്ടായ അമിത രക്തസ്രാവത്തിന് പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു.  വൈകിട്ട് നാല് മണിയോടെ യുവതിക്ക് ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്റർ സൗകര്യമുള്ള  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 31 ന് കാവ്യയുടെ മരണം സ്ഥിരീകരിച്ചു. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഡോൺ ബോസ്കോ ആശുപത്രി അനുവദിച്ചില്ല. ആവശ്യത്തിന് രക്തം പോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡോൺ  ബോസ്കോ ആശുപത്രിയുടെ വിശദീകരണം. 

അമിത രക്തസ്രാവമാണ്  മരണകാരണമായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. അസ്വാഭാവിക മരണത്തിന് bവടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി

ENGLISH SUMMARY:

Kavya Mol's death in Ernakulam is under investigation following allegations of medical negligence. The family plans to approach the Chief Minister with their complaint against Don Bosco Hospital in Paravur, citing delayed communication about excessive bleeding during childbirth.