ന്യൂ ഇയര്‍ പരിപാടിക്കിടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ് പൊലീസ് നശിപ്പിച്ചെന്ന് ഡിജെ. പത്തനംതിട്ടയില്‍ നടന്ന പരിപാടിയിലുണ്ടായ ദുരനുഭവം ഡിജെ അഭിറാം സുന്ദറാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. അനുവദിച്ച സമയം കഴിഞ്ഞുപോയത് താനറിഞ്ഞില്ലെന്നും തുടര്‍ന്ന് ഒരു പൊലീസുകാരന്‍ വന്ന ലാപ്ടോപ് ചവിട്ടിപ്പൊട്ടിക്കുയായിരുന്നുവെന്നും അഭിറാം പറഞ്ഞു. പൊലീസിനെ കണ്ട് പാട്ട് നിര്‍ത്തിയിട്ടും പൊലീസ് അതിക്രമം കാണിച്ചുവെന്നും അഭിറാം പറഞ്ഞു.
ഒരുപാട് ആഗ്രഹിച്ച് കഷ്ടപ്പെട്ടാണ് ഡിജെയ്ക്ക് വേണ്ടി ഞാൻ ഒരു ഗെയിമിങ് ലാപ്ടോപ്പ് വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിന് ചെലവായി. ഇപ്പോൾ ന്യൂയർ സമ്മാനമായി കേരള പൊലീസ് ഇത് ഇങ്ങനെയാക്കി. നമ്മളെ പോലുള്ള സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റും. അവർ അല്ലെ നശിപ്പിച്ചത്. അവരോട് തന്നെ എങ്ങനെ പരാതി പറയുമെന്ന് അഭിറാം ചോദിക്കുന്നു.
ന്യൂ ഇയറിന് പത്തനംതിട്ടയിലായിരുന്നു പരിപാടി. പരിപാടിക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. പരിപാടി തുടങ്ങാൻ കുറച്ച് താമസിച്ചിരുന്നു. അനുവദിച്ച സമയം കഴിഞ്ഞും പരിപാടി നീണ്ടു. പക്ഷേ അത് ഞാൻ അറിഞ്ഞില്ല. അങ്ങനെ നല്ല രീതിയിൽ പരിപാടി പോകുന്ന സമയത്ത് ഒരു പൊലീസുകാരൻ സ്റ്റേജിനടുത്തേക്ക് വന്നു. ഈ പൊലീസുകാരൻ വരുന്നത് കണ്ട ഉടൻ ഞങ്ങൾ ഡിജെ നിർത്തി. എന്നാൽ സ്റ്റേജിലേക്ക് വന്ന മറ്റൊരു പൊലീസുകാരൻ കാൽ കൊണ്ട് ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. ഞാൻ അത്രയും സൂക്ഷ്മതയോടെ പരിപാലിച്ചിരുന്ന ലാപ്ടോപ്പ് ആയിരുന്നു. ഞാൻ പാട്ട് നിർത്തിയിട്ടും എന്‍റെ ലാപ്ടോപ്പ് അദ്ദേഹം ചവിട്ടിയെന്നും അഭിറാം പറഞ്ഞു. ഇനി വേദിയില്‍ കയറിയാലും വേദനിപ്പിക്കുന്ന ഓര്‍മയായി ഈ സംഭവം ഉള്ളിലുണ്ടാവുമെന്നും അഭിറാം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. എന്നാല്‍ ഡിജെ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും മനപ്പൂര്‍വ്വം തുടര്‍ന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി ഒന്നേകാലിനാണ് ഈ സംഭവം നടന്നത്. 12 മണി വരെ ഗാനമേള നടത്താനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. ഡിജെ പാർട്ടിക്ക് അനുമതി ഇല്ലായിരുന്നു സംഘാടകരും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഈ യൂട്യൂബ് അങ്ങോട്ട് ആവശ്യപ്പെട്ട് ഡിജെ നടത്തുകയായിരുന്നു. പൊട്ടിയ ലാപ്ടോപ്പും പ്രദർശിപ്പിച്ച ലാപ്ടോപ്പും രണ്ടും രണ്ടാണെന്നും പൊലീസ് പറഞ്ഞു. ഒന്നേകാൽ മണിയായിട്ടും ഡിജെ നിർത്താൻ പോലീസ് പലതവണ ആവശ്യപ്പെട്ടു മനപ്പൂർവ്വം സീൻ സൃഷ്ടിക്കാൻ അയാൾ തുടർന്നു, നിവർത്തി കെട്ടാണ് അങ്ങനെ ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.