ഭക്ഷണം കൊടുക്കാൻ അമിതവേഗത വേണ്ടെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തിൽ ആശങ്കയിലാണ് വിതരണക്കാർ. നിലവിലെ സാഹചര്യത്തിൽ പോലും കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ സാധിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. പുതിയ നിയന്ത്രണം നിലവിൽ വന്നാൽ എങ്ങനെ വേഗത്തിൽ ഭക്ഷണം നൽകുമെന്നാണ് ഇവരുടെ ചോദ്യം.
ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്താൽ 10 മിനിറ്റിനകം എത്തും. മിക്ക ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളും നൽകുന്ന പ്രീമിയം ഫീച്ചറാണിത്. ക്വിക്ക് കൊമേഴ്സ് എന്ന സംഗതി കൊള്ളാമെങ്കിലും തിരക്കേറിയ ഏത് റോഡും റേസിങ് ട്രാക്കാക്കിയാണ് പലപ്പോഴും വിതരണക്കാരുടെ പോക്ക്. ഇതോടെയാണ് അത്ര വേഗം വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾക്ക് നോട്ടീസ് നൽകിയത്.
എന്നാൽ ഇവിടെ പെട്ടുപോകുന്നത് തങ്ങളാണെന്നാണ് ഡെലിവറി ബോയ്സിന്റെ പരാതി. വേഗത്തിൽ ഭക്ഷണം എത്തിക്കാമെന്ന് കമ്പനികൾ പറയുന്ന കാലത്തോളം ഇതിനായി നിർബന്ധിതരാകുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമിതവേഗതയിലുള്ള ഇവരുടെ പോക്ക് വലിയ അപകടമുണ്ടാക്കുന്നുവെന്നാണ് പൊതുജനങ്ങളുടെ പരാതി.