student-assault-traffic-check-vejanamoodu

വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാത്തതിന് ബി.ടെക് വിദ്യാർത്ഥിയെ ബൈക്ക് തടഞ്ഞുനിർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മർദ്ദിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് വിദ്യാർത്ഥി അഭയ് കൃഷ്ണയ്ക്കാണ് മർദ്ദനമേറ്റത്. മുഖത്തടിയേറ്റ അഭയ് കൃഷ്ണ ആശുപത്രിയിൽ ചികിത്സ തേടി.

എം.വി.ഡി ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അഭയ് കൃഷ്ണ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിലെത്തിയത്. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും ഏകദേശം 25 മീറ്ററോളം മുന്നോട്ട് പോയിയാണ് ബൈക്ക് നിർത്തിയത്. ഇതിൽ പ്രകോപിതനായ ഉദ്യോഗസ്ഥൻ പുറകെ ഓടിയെത്തി വണ്ടി പിടിച്ചുനിർത്തുകയും ആദ്യം ബൈക്കിൽ അടിക്കുകയും തുടർന്ന് അഭയ് കൃഷ്ണയുടെ മുഖത്ത് അടിക്കുകയുമായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഹെൽമെറ്റ് ധരിക്കാത്തതിനും പരിശോധനയിൽ വണ്ടി നിർത്താത്തതിനും പിഴ ഈടാക്കാനും നിയമപരമായ കേസെടുക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എന്നാൽ, നിയമലംഘനം നടത്തിയ ആളുടെ മുഖത്തടിക്കാനോ ശാരീരികമായി ഉപദ്രവിക്കാനോ കേരളത്തിലെ ഒരു നിയമവും പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ അധികാരം നൽകുന്നില്ല. പത്തൊമ്പത് വയസ്സുള്ള വിദ്യാർത്ഥിയെ പരസ്യമായി മർദ്ദിച്ച ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. മർദ്ദനമേറ്റ വിദ്യാർത്ഥി നൽകിയ പരാതിയുടെയും മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ മർദ്ദിച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A B.Tech student was assaulted by a Motor Vehicle Department officer during a bike checking in Vejanamoodu for not wearing a helmet. The incident, captured on camera, has led to an investigation against the officer.