ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരായ അഞ്ച് രോഗികളില്‍ രണ്ട് പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത് വിവാദമാകുന്നു. തിങ്കളാഴ്ച ഡയാലിസിന് വിധേയരായ 5 രോഗികൾക്ക് ഡയാലിസിസിനിടെ വിറയലും അസ്വസ്ഥതകളും ഉണ്ടായി. ഇവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും രണ്ടു പേർ മരിച്ചു. കായംകുളം പുതുക്കാട് വടക്കേതിൽ മജീദ്, വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ആര്യോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി.
ഡയാലിസിസിനിടെ അണുബാധ ഉണ്ടായതാണ് മരണ കാരണമെന്ന് പരാതി ഉയർന്നു. ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചു. പരിശോധനകൾക്ക് ശേഷമേ തുറക്കൂ. ഇവിടെ ഡയാലിസിസ് നടത്തിയിരുന്ന 58 രോഗികളെ മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഡപ്യൂട്ടി ഡി എം ഒ മാർ ഉൾപ്പെടുന്ന നാലംഗ സംഘത്തെ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് നിയോഗിച്ചു.
ഉപകരണങ്ങളും വെള്ളവും പരിശോധിച്ചതിൽ അണുവിമുക്തമാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂടുതൽ പരിശോധന നടത്തും. രോഗികളുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കെസി വേണുഗോപാല്‍ കത്തുനല്‍കി.
ENGLISH SUMMARY:
The deaths of two patients undergoing dialysis at Haripad Taluk Hospital have raised serious concerns over medical safety and hygiene standards. Five patients reportedly developed severe symptoms during dialysis, prompting emergency transfers to private hospitals. Despite treatment, two patients succumbed, triggering allegations of infection during the dialysis process. The Health Department has initiated a detailed investigation and temporarily shut down the dialysis unit for inspection. All dialysis patients have been shifted to Mavelikkara Taluk Hospital as a precautionary step. Congress MP K C Venugopal has sought a comprehensive probe and written to the Chief Minister and Health Minister demanding accountability.