സംസ്ഥാന പൊലീസ് സേനയുടെ ഉന്നതതലത്തിൽ വൻ പുനഃസംഘടന. തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർമാരെ മാറ്റിയതിനൊപ്പം അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റവും നൽകി.  

നിലവിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ആയി സേവനമനുഷ്ഠിക്കുന്ന ഹരിശങ്കർ ഐ.പി.എസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേൽക്കും. വിജിലൻസ് ഡി.ഐ.ജി ആയിരുന്ന കെ. കാർത്തിക് ആണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. ദക്ഷിണമേഖല ഐ.ജി സ്ഥാനത്തേക്ക് സ്പർജൻ കുമാറിനെ നിയമിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതലയാകും ഇദ്ദേഹത്തിനുണ്ടാകുക.

അജിതാ ബീഗം, ആര്‍.നിശാന്തിനി, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക് ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. അഞ്ച് ഡി.ഐ.ജിമാരെ ഐ.ജി റാങ്കിലേക്ക് ഉയർത്തി. ഡി.ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥർക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് റേഞ്ച് തലപ്പത്തും മാറ്റങ്ങൾ പ്രഖ്യാപിച്ചു. അരുള്‍ ബി.കൃഷ്ണ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയും ജെ.ഹിമേന്ദ്രനാഥ് തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിമാകും.