A girl sits in digit 2026 at a Christmas fair opened prior to Christmas and New Year festivities in St. Petersburg, Russia, Tuesday, Dec. 30, 2025. (AP Photo/Dmitri Lovetsky)
പുതിയൊരു വര്‍ഷത്തെ നിറഞ്ഞ മനസ്സോടെ വരവേല്‍ക്കാനൊരുങ്ങി ലോകം. ലോകത്ത് ആദ്യം പുതുവർഷം എത്തുന്ന സ്ഥലം പസിഫിക്കിലെ കുഞ്ഞൻ ദ്വീപുരാജ്യമായ കിരിബാസിയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നുമണിയോടെ കിരിബാസിയില്‍ 2026 പിറക്കും. പിന്നീട് പുതുവർഷം ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു കടക്കും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 ജനുവരി 01 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക. ഓസ്ട്രേലിയയിലെ സിഡ്നി ഹാര്‍ബറിലെ പുതുവര്‍ഷ ആഘോഷം കാണാന്‍ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തിയിരിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പ് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഓസ്ട്രേലിയ ഇക്കുറി പുതുവര്‍ഷം ആഘോഷിക്കുന്നത്. ന്യൂയോര്‍ക്ക്, ബ്രസീലിലെ റിയോ ഡി ജനീറോ, ദുബായ് എന്നിവിടങ്ങളിലും നിറപ്പകിട്ടാര്‍ന്ന പുതുവര്‍ഷ ആഘോഷങ്ങളാണ് കാത്തിരിക്കുന്നത്.
അതേസമയം, പുതുവര്‍ഷ ആഘോഷങ്ങളിലെ ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്. ഡിജെ പാര്‍ട്ടികളില്‍ ഗുണ്ടകളോ ക്രിമിനല്‍ പഞ്ചാത്തലമുള്ളവരോ പങ്കെടുക്കുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പാക്കണം. അത്തരക്കാര്‍ പാര്‍ട്ടിക്ക് വന്നാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവര്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം. സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. പങ്കെടുക്കുന്ന മുഴുവന്‍ ആളുകളുടെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശങ്ങളിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അക്രമങ്ങളും ഗുണ്ടകളുടെ ഇടപെടലുമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. വൈകിട്ട് 4 മുതല്‍ രാത്രി മുഴുവന്‍ സംസ്ഥാന വ്യാപക വാഹനപരിശോധനക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഫോർട്ട് കൊച്ചിയിൽ പൂർത്തിയായി. ഇക്കുറി പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.