ശ്രീനാരായണ ഗുരു ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ നവോത്ഥാനവും സനാതന ധർമവും ഉണ്ടാകില്ലായിരുന്നുവെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.93ാം മത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം കൊണ്ടു വന്നില്ലെങ്കിൽ വൃദ്ധസദനങ്ങളുടെ നാടായി കേരളം മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ആദിശങ്കരൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ ഇന്ന് കാണുന്ന ഏകത്വം ഉണ്ടാകുമായിരുന്നില്ല. അതുപോലെ ശ്രീനാരയണ ഗുരു ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ നവോത്ഥാനം ഉണ്ടാകില്ലായിരുന്നുവെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ.ഇരുവരും കേരളത്തിൻ്റെ മഹത്തായ സംഭാവനകളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ചേർത്ത് നിർത്തുകയാണ് ഗുരു ധർമം. യുവാക്കൾ ശിവഗിരിയിലേക്ക് വരണം സമത്വത്തിൻ്റെ സന്ദേശം ഉൾക്കൊള്ളണം.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ശശി തരൂർ എം.പി രചിച്ച പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. നേരത്തെ ശ്രീനാരായണ ഗുരു മഹാസമാധിയിലെത്തിയ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ യുവാക്കൾ ഇനിയും കേരളം വിടുമെന്ന് മുന്നറിയിപ്പാണ് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.