വർക്കല ശിവഗിരി മഠത്തിലെ പൊലീസ് അതിക്രമം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ പൊലീസിന് നൽകിയത് ഗുഡ് സർട്ടിഫിക്കറ്റും പുകഴ്ത്തലും. പൊലീസ് ലാത്തിച്ചാർജിന് ഇടയാക്കിയത് അക്രമസക്തരായ ജനക്കൂട്ടമെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ പൊലീസ് നടപടിയെ പൂർണമായി ന്യായീകരിക്കാമെന്നും ഇ.കെ നായനാർ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് വി. ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ പറയുന്നു. 

പൊലീസിന് നേതൃത്വം നൽകിയ അന്നത്തെ തിരുവനന്തപുരം റൂറൽ എസ് പി ശങ്കർ റെഡി കാട്ടിയത് മികച്ച മനസാന്നിധ്യമെന്ന പുകഴ്ത്തലും റിപോർട്ടിലുണ്ട്. ഹൈക്കോടതിയുടെ സമ്മർദമാണ് പൊലീസ് നടപടിക്ക് കാരണമെന്ന മുൻ മുഖ്യമന്ത്രിയുടെ വാദവും റിപ്പോർട്ട് ശരിവെക്കുന്നു. എന്നാൽ മധ്യസ്ഥതയിലുടെ പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ ശ്രമത്തിൽ ആത്മാർത്ഥയില്ലായിരുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. സർക്കാർ പുറത്ത് വിടണമെന്ന് ഇന്നലെ എ.കെ. ആന്‍റണി ആവശ്യപെട്ട റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു.

അതേസമയം, ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയിൽ അന്നത്തെ ആന്‍റണി സർക്കാരിനെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. സർക്കാർ കോടതി ഉത്തരവ് നടപ്പിലാക്കുകയായിരുന്നു. ആ സാഹചര്യത്തിൽ പൊലീസ് നടപടി അനിവാര്യമായിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയമാണെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ മനോരമ ന്യൂസിനോട് പറഞ്ഞു. 

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടാനുള്ള എ.കെ.ആന്‍റണിയുടെ ആവശ്യം അവഗണിക്കാന്‍ സർക്കാർ.  നിയമസഭയിൽ വർഷങ്ങൾക്കു മുൻപേ സമർപ്പിക്കപ്പെടുകയും ഇതിനോടകം പൊതുസമൂഹത്തിലുളുമുള്ള രണ്ട് റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടേണ്ട ഗതികേടിലാണ് എ.കെ.ആന്‍റണി എന്നാണ് സർക്കാർ നിലപാട്.

ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ എൽഡിഎഫിനെ ആന്‍റണി കടന്നാക്രമിച്ചിട്ടില്ലാത്തതിനാൽ ആന്റണിയെയും സിപിഎം തൽക്കാലം കടന്നാക്രമിച്ചേക്കില്ല.  അതേസമയം, ആന്‍റണിയുടെ വാർത്താസമ്മേളനം സംസ്ഥാന കോൺഗ്രസിൽ ചർച്ചയാവുകയാണ്. മുത്തങ്ങ, ശിവഗിരി പൊലീസ് നടപടികളിലെ വസ്തുതകൾ നിരത്താൻ ആന്‍റണിക്ക് വാർത്താ സമ്മേളനം നടത്തേണ്ടി വന്നത് നേതൃത്വത്തിന്റെ പരാജയമാണെന്ന് വിമർശനമുണ്ട്. 

മുത്തങ്ങയിലെ പൊലീസ് നടപടിയിൽ കോൺഗ്രസ്സും ഇടതുപക്ഷവും ആദിവാസികളോട് മാപ്പു പറയണമെന്ന് മുത്തങ്ങ സമര നേതാവ് എം.ഗീതാനന്ദൻ. അക്രമാസക്തമായ നടപടിയില്ലാതെ പ്രശ്നം പരിഹരിക്കാൻ സാധ്യതയുണ്ടായിട്ടും ഭരണപക്ഷവും പ്രതിപക്ഷവും ആ ഉത്തരവാദിത്വം കാണിച്ചില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്‍റണി ഇപ്പോൾ ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യമാണ്. മുത്തങ്ങയിലെ പൊലീസ് നടപടിയുടെ യഥാർത്ഥ ഉത്തരവാദികൾ കെപിസിസി പ്രസിഡന്‍റ് ആയിരുന്ന കെ.മുരളീധരനും വനമന്ത്രിയായിരുന്ന കെ.സുധാകരനും ആണ്.  മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്‍റണി ഇരുവരുടെയും സമ്മർദ്ദത്തിൽ ടൂൾ ആക്കപ്പെട്ടു. സംഭവത്തിൽ ആന്‍റണി മാത്രമാണ് പഴികേട്ടതെന്നും കയ്യൊഴിഞ്ഞത് ആരൊക്കെയെന്ന് ആന്‍റണി തുറന്നു പറയണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Sivagiri madam police action is the main focus of the judicial commission's report, which largely exonerates the police. The commission found that the police response was justified given the circumstances, while also noting shortcomings in the government's handling of the situation.