പുതുവല്‍സര വരവേൽക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഇനി മണിക്കൂറുകള്‍ എണ്ണിയുള്ള കാത്തിരിപ്പാണ്. ആഘോഷം കളറാക്കാന്‍ ഇത്തവണ കൊച്ചിയിൽ രണ്ടിടത്തായി രണ്ട് ഭീമൻ പാപ്പാഞ്ഞികളും ഒരുങ്ങുന്നുണ്ട്. പോയ വർഷത്തെ ദുഃഖങ്ങളും നഷ്ടങ്ങളും അഗ്നിക്കിരയാക്കി പുതുവല്‍സരത്തെ പ്രതീക്ഷകളോടെ സ്വാഗതം ചെയ്യുന്നതിന്‍റെ പ്രതീകമാണ് ഈ പാപ്പാഞ്ഞിയെ കത്തിക്കൽ.
കൊച്ചിന്‍ കാര്‍ണിവലിന്‍റെ ഭാഗമായാണ് എല്ലാ പരിപാടികളും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടാണ് കൊച്ചിൻ കാർണിവലിന്‍റെ പ്രധാന വേദി. കൂടാതെ വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവല്‍സരാഘോഷങ്ങൾ നടക്കും. എന്നിരുന്നാലും പുതുവല്‍സരം കളറാക്കാന്‍ കൊച്ചിക്ക് വരുന്നുണ്ടെങ്കില്‍ നേരെത്തെ എത്തിയാല്‍ മാത്രം പോര, ചില കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം.
ഡിസംബര്‍ 31 ന് ഫോർട്ട് കൊച്ചിയിൽ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും
ഡിസംബർ 31 ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല
റോഡരികിൽ പാർക്കിങ് അനുവദിക്കില്ല, നിർദിഷ്ട പാർക്കിങ് മേഖലകളിൽ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാന്‍
തിരക്ക് വർധിച്ചാൽ തോപ്പുംപടി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയും
വൈകീട്ട് 5 മണി കഴിഞ്ഞാൽ ഫോർട്ട് കൊച്ചിക്ക് ബസുണ്ടാകില്ല
ബസുകൾ കൊച്ചിൻ കോളജ് മൈതാനത്തെ താൽക്കാലിക സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും
ബോട്ടും വാട്ടർ മെട്രോയും 7 മണി വരെ മാത്രം
വൈപ്പിനിൽ നിന്നുള്ള റോ റോ സർവീസ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും
രാത്രി 7 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് മാത്രമായിരിക്കും റോ-റോ സർവീസ്
വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്
ബസുകൾ പുലർച്ചെ മൂന്നു വരെ സർവീസ് നടത്തും
കൊച്ചി മെട്രോ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിക്കും
കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരിക്കും
സന്ദര്‍ശകര്‍ക്കായി ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്
കൊച്ചുകുട്ടികളുമായി കാർണിവലിന് എത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം
1200 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. ഏകോപനത്തിനായി പ്രത്യേക പൊലീസ് കൺട്രോൾ റൂമുമുണ്ട്. ആഘോഷങ്ങള്‍ ഏകോപിപ്പിക്കുന്നത് കൊച്ചി കാർണിവൽ കമ്മിറ്റിയാണ്. കൊച്ചി കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും മേയര്‍ അറിയിച്ചിട്ടുണ്ട്.
ENGLISH SUMMARY:
Kochi is all set to welcome 2026 with the iconic Pappanji burning. Check out the latest traffic restrictions, public transport timings (Metro & Water Metro), and safety guidelines for Kochi Carnival at Fort Kochi.