കേരള കോൺഗ്രസ് നേതാവും കടുത്തുരുത്തി മുൻ എംഎൽഎയുമായ പി.എം.മാത്യു (75) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ 3.30 നായിരുന്നു അന്ത്യം. 91 ലാണ് കടുത്തുരുത്തിയിൽ നിന്ന് പി.എം. മാത്യു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം കെ.എം. മാണിയോടൊപ്പം ചേർന്നുനിന്ന പി.എം.മാത്യു കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മാറി. വീണ്ടും കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചെത്തിയെങ്കിലും സജീവമല്ലായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദിയിൽ എത്തി. കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണൽ ഫാർമേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചത്. ഭൗതികശരീരം കടുത്തുരുത്തി അരുണാശ്ശേരിയിലെ വസതിയിൽ ഇന്ന് വൈകിട്ട് എത്തിക്കും. നാളെ മൂന്നുമണിക്ക് വസതിയിലെ സംസ്കാരശുശ്രൂഷയ്ക്ക് ശേഷം കടുത്തുരുത്തി സെൻ്റ് മേരീസ് താഴത്ത് പള്ളിയിൽ സംസ്കരിക്കും.