ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്ക് മുന്നില്‍ ആരെയും പഴിചാരിയില്ലെന്നു മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഞാന്‍ ആരെയും കുറ്റപ്പെടുത്തി മൊഴി നല്‍കിയുമില്ല. പഴിചാരണമെങ്കില്‍ അതിനെപ്പറ്റി തനിക്ക് അറിവുവേണം. അറിവില്ലാത്ത കാര്യത്തെപ്പറ്റി എങ്ങനെയാണ് കുറ്റപ്പെടുത്തുകയെന്നും കടകംപള്ളി മനോരമ ന്യൂസിനോടു പറഞ്ഞു. 

Also Read: ശബരിമല സ്വര്‍ണക്കൊള്ള കേസ്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു


ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ചയാണ് തിരുവനന്തപുരത്തായിരുന്നു ചോദ്യം ചെയ്യല്‍.  2019ല്‍ സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വംമന്ത്രി. ഈസമയം ദേവസ്വംബോര്‍ഡ് ഭാരവാഹികളായിരുന്നവരില്‍ രണ്ടുപേര്‍ നിലവില്‍ അറസ്റ്റിലാണ്. മറ്റുള്ളവരുടെ മൊഴിയെടുത്ത ശേഷം ആവശ്യമുണ്ടെങ്കില്‍ കടകംപള്ളിയെ വീണ്ടും വിളിപ്പിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിലപാട്. എസ്ഐടിക്ക് മുന്നിലെത്തിയെന്ന വാര്‍ത്ത കടകംപള്ളിയും സ്ഥിരീകരിച്ചു. 2019ലെ മന്ത്രിയെന്ന നിലയില്‍ തനിക്ക് പറയാനുള്ളത് അന്വേഷണസംഘം ചോദിച്ചുവെന്നും അത് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ദേവസ്വം ബോര്‍ഡ് എടുക്കുന്ന എല്ലാ കാര്യവും മന്ത്രി അറിയാറില്ലെന്നും സ്വര്‍ണം പൂശല്‍ നടപടിയില്‍ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മൊഴി നല്‍കി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും ശബരിമലയില്‍ വച്ചാണ് പരിചയമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. പല വഴിപാടുകളുടെയും സ്പോണ്‍സര്‍ എന്ന പരിചയമാണ് ഉള്ളതെന്നും അതിനപ്പുറം പോറ്റിയുമായി ഇടപാടൊന്നുമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.

അതേസമയം, കേസിലെ ദൈവതുല്യൻ കടകംപള്ളി ആണോ എന്ന് ചോദ്യത്തിന് ശവംതീനികൾ അല്ലെന്ന് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ മറുപടി. എല്ലാം ചെയ്‌തത് പത്മകുമാർ എന്നാണല്ലോ അറസ്റ്റിലായ മറ്റുള്ളവരുടെ മൊഴിയെന്ന ചോദ്യത്തിന് അയ്യപ്പൻ നോക്കിക്കോളുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റിമാൻഡ്  കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി പുറത്തിറക്കുമ്പോൾ ആയിരുന്നു ഒരുപാട് വ്യാഖ്യാനങ്ങൾ ഇടവരുത്തുന്ന പ്രതികരണം ഉണ്ടായത്. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി കൊല്ലം വിജിലൻസ് കോടതി  നീട്ടി.

അതിനിടെ സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. എ.പത്മകുമാറിന്‍റെയും ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച്. റഗുലര്‍ ബഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു

കേസിൽ ഡി.മണിയെയും സഹായി ബാലമുരുകനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം ഈഞ്ചക്കലിലെ എസ്ഐടി ഓഫീസിൽ രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിൽ ആണ് ചോദ്യം ചെയ്യൽ. ഡി.മണിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന വിദേശ വ്യവസായിയുടെ മൊഴിയിലെ വസ്തുത തുടങ്ങിയ കാര്യങ്ങളിലാണ് ചോദ്യം ചെയ്യൽ.

അതിനിടെ, കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നല്‍കി. ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനാണ് എസ്.ഐ.ടിക്ക് അനുമതി നൽകിയത്. എസ്.ഐ.ടിയുടെ ഉപഹർജി ജസ്റ്റിസുമാരായ സിയാദ് റഹ്മാൻ, എം.ബി.സ്നേഹലത എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുവദിച്ചു. ജോലിഭാരം ലഘൂകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ വേണം എന്നായിരുന്നു എസ്.ഐ.ടിയുടെ ആവശ്യം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത തിങ്കളാഴ്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. അന്നായിരിക്കും പ്രത്യേക അന്വേഷണസംഘം അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുക.

ENGLISH SUMMARY:

Kadakampally Surendran's statement focuses on his lack of involvement in the Sabarimala gold fraud case and his lack of knowledge about the gold theft. He stated that he did not accuse anyone because he lacked the necessary information regarding the case.