വി.കെ.പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് വിവാദത്തില്‍ പ്രതികരണവുമായി കെ.എസ്.ശബരിനാഥന്‍. വി.കെ.പ്രശാന്തിന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തില്‍ നല്ല മുറികളും കംപ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ള എംഎല്‍എ ഹോസ്റ്റലുണ്ടെന്നും അവിടെ അദ്ദേഹത്തിന് ഓഫീസ് അനുവദിച്ചിട്ടുണ്ടെന്നും ശബരിനാഥന്‍ പറഞ്ഞു. നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് തന്റെ അഭിപ്രായമെന്നും ശബരിനാഥന്‍ അഭിപ്രായപ്പെട്ടു. 

ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എംഎല്‍എയുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. കേരളത്തിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്. പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎല്‍എ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കംപ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍,' ശബരിനാഥന്‍ പറഞ്ഞു. 

ഞാൻ അന്വേഷിച്ചപ്പോൾ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎല്‍എ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ശബരിനാഥന്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

VK Prasanth MLA's office controversy sparks debate. KS Sabarinadhan suggests VK Prasanth move his office to the MLA hostel in Vattiyoorkavu, which offers better facilities.