ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ദേവസ്വംബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാര്‍ അറസ്റ്റില്‍. എ.പത്മകുമാറിന്റെ കാലത്താണ് എന്‍.വിജയകുമാര്‍ ചുമതലയിലുണ്ടായിരുന്നത്. ഹൈക്കോടതി വിമര്‍ശനത്തിനുപിന്നാലെയാണ് എസ്‌ഐടി നടപടി. അതേസമയം എന്‍.വിജയകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതല്ല, എസ്പി ഓഫിസിലെത്തി കീഴടങ്ങിയതെന്ന് അഭിഭാഷകന്‍ വിനീത് കുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കച്ചവടം ഉണ്ടോ എന്നറിയാനുള്ള നിർണായക ചോദ്യം ചെയ്യൽ നാളെ . ആരോപണ വിധേയനായ ഡി മണിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണസംഘം നോട്ടീസ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള എസ്ഐടി ഓഫീസിൽ വച്ചാവും ചോദ്യം ചെയ്യൽ. അതിനു മുന്നോടിയായി ഡി മണി എന്നറിയപ്പെടുന്ന തമിഴ്നാട് ഡിണ്ടിക്കൽ സ്വദേശിയായ എം.സുബ്രഹ്മണ്യന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ചും ബിസിനസുകളെക്കുറിച്ചുമുള്ള വിവരശേഖരണം അന്വേഷണസംഘം തുടരുകയാണ്.
ഡി മണിയും കേരളത്തിലെ ഉന്നതനും ചേർന്ന് ശബരിമലയിലെ മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളിൽ ഡി മണിയെ ഡിണ്ടിഗലിൽ എത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും തെറ്റായ വിവരങ്ങൾ നൽകി ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതോടെയാണ് നോട്ടീസ് നൽകി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുന്നത്. ഡി മണിയുടെ സുഹൃത്തും ഇടനിലക്കാരനുമായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോഴും തമിഴ്നാട്ടില്‍ തുടരുന്ന അന്വേഷണസംഘ അംഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് ഇവർക്കെതിരായ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.