ചെല്ലാനത്തെ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ടവരുടെ വാദങ്ങള്‍ തള്ളി ദൃശ്യങ്ങളും രേഖകളും. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും ബൈക്ക് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. യുവാവിനെ 50 കി.മീ അകലെയുള്ള ആശുപത്രിയിലാണ് എത്തിച്ചത്. യുവാവിനെ ബൈക്കില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ചു എന്നതും തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ബൈക്ക് അടുത്തെത്തിയപ്പോള്‍ ആണ് പൊലീസ് കൈകാണിച്ചതെന്നും ബൈക്ക് നിര്‍ത്താന്‍ പോയപ്പോള്‍ വലിച്ച് തള്ളിയിട്ടുവെന്നുമാണ് അനിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുല്‍ ഇന്നലെ പറഞ്ഞത്. ബൈക്ക് യാത്രികരെ കയ്യില്‍ പിടിച്ച് വലിച്ചിട്ടിട്ടില്ലെന്നും ബൈക്ക് പൊലീസുകാരനെ ഇടിച്ച് ഇടുകയായിരുന്നുവെന്നും ഡിസിപിയും പ്രതികരിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ച ചെല്ലാനത്തുണ്ടായ അപകടത്തിൽ കണ്ണമാലി പൊലീസിനെതിരെ ഗുരുതര ആരോപണവുമായാണ് അപകടത്തിൽപ്പെട്ടവർ രംഗത്തെത്തിയത്. അപകടത്തിൽ ബൈക്ക് യാത്രികനായ അനിലിനും, പൊലീസ് ഡ്രൈവറായ ബിജുമോനും പരുക്കേറ്റിരുന്നു. പൊലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താൻ പോവുകയായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട രാഹുൽ പറഞ്ഞത്.