ആധുനിക കാലഘട്ടത്തിൽ സിദ്ധ വൈദ്യശാസ്ത്രത്തിൽ വിദഗ്ധ ചികിത്സകർ ഇനിയുമുണ്ടാകണമെന്ന് മുന്‍ മന്ത്രി ആന്‍റണി രാജു. സിദ്ധ വൈദ്യത്തിന്‍റെ പ്രാധാന്യം വര്‍ധിച്ചു വരുകയാണ്. കൂടുതല്‍ പേര്‍ സിദ്ധ വൈദ്യശാസ്ത്രത്തിന്‍റെ രംഗത്തേക്ക് കടന്നുവരേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പ്രസംഗിച്ചു. സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (SIMAI) പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനവും 9-ാം സിദ്ധ ദിനാചരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ പ്രസിഡന്റ് ഡോ. മിഥുൻ സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി. ഡി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സിദ്ധ ചികിത്സാ രംഗത്തെ നൂതനമായ മാറ്റങ്ങളെക്കുറിച്ചും ഗവേഷണ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ സിദ്ധ വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരായ ഡോ. കെ. ജഗന്നാഥൻ, ഡോ. വി. ബി. വിജയകുമാർ എന്നിവരെയും പൊതുമേഖലയിൽ നിന്നും ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. ജഗദീശനെയും ആദരിച്ചു.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി പി. ആർ, അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. എ. സ്മിത, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി കോ-ഓർഡിനേറ്റർ ഡോ. പ്രകാശ് എസ്. എൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സിഎംഇ സെഷനുകൾക്ക് എവിഎൻ ആയുർവേദ ഫോർമുലേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ആദിത്യ പീതാംബര പണിക്കർ, മേട്ടൂർ എ.വി.പി സിദ്ധ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എ.വി.പി. വിജയ് കുമാർ എന്നിവർ നേതൃത്വം നൽകി.
നൂറിലധികം സിദ്ധ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്ത സമ്മേളനം വൈകുന്നേരത്തോടെയാണ് സമാപിച്ചത്. സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. അഭിൽ മോഹൻ സ്വാഗതവും ട്രഷറർ ഡോ. രോഹിണി എസ്. കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.