കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും ഒമാൻ രാജാവായിരുന്ന ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ ദിവാൻ ഓഫ് റോയൽ കോർട്ട് കൺസൽറ്റന്‍റുമായിരുന്ന കൊച്ചി ചെറായി മഴവഞ്ചേരി പറമ്പത്ത് വലിയവീട്ടിൽ ഡോ. എം.ഐ.ജോയ് (94) അന്തരിച്ചു. കഞ്ഞിക്കുഴി മൗണ്ട് വാർധയിലായിരുന്നു താമസം.
ഉദ്യോഗമണ്ഡൽ ഇഎസ്ഐ ആശുപത്രിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി. റോക്ഫെല്ലർ സ്കോളർഷിപ്പോടെ ന്യൂഡൽഹി എയിംസിൽ ഡെർമറ്റോളജിയിൽ ഉപരിപഠനം നടത്തിയ ഡോ. ജോയ് ഈ വിഷയത്തിൽ എംഡി നേടിയ ആദ്യ മലയാളിയാണ്. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ ഡെർമറ്റോളജി വിഭാഗത്തിന്റെ സ്ഥാപകനാണ്.
ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി ചെയർമാനായിരുന്നു. വീട്ടിൽ സൗജന്യ ചികിത്സ നൽകിയിരുന്ന അദ്ദേഹം കോട്ടയം മാങ്ങാനം മന്ദിരം, പുതുപ്പള്ളി പാറേട്ട് ആശുപത്രികളിലും പ്രവര്‍ത്തിച്ചു. ഒമാൻ രാജകൊട്ടാരത്തിൽ ഏറെക്കാലം സേവനമനുഷ്ഠിച്ചു. ഡെർമറ്റോളജി അസോസിയേഷൻ ഓഫ് കേരള ബ്രാഞ്ച് പ്രസിഡന്റ്, ഐഎംഎ കോട്ടയം ബ്രാഞ്ച് സെക്രട്ടറി, റോട്ടറി ക്ലബ് കോട്ടയം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ശനിയാഴ്ച രാവിലെ 11ന് മൗണ്ട് വാർധയിലെ വസതിയിലെ പ്രാർഥനകൾക്കുശേഷം പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.
ആലപ്പുഴ കല്ലൻഹോം പുത്തൻപുരയ്ക്കൽ സാറാമ്മ ജോയി ആണ് ഭാര്യ. മക്കൾ: രേഖ ആരിഫ് (ബെംഗളൂരു), രവി കുര്യൻ (ഡയറക്ടർ, കാനം ലാറ്റക്സ് ഇൻഡസ്ട്രീസ്), ഡോ. അഞ്ജന കുര്യൻ (എച്ച്ഒഡി, അൽഅസ്ഹർ ഡെന്റൽ കോളജ്, തൊടുപുഴ). മരുമക്കൾ: റിബേക്ക രവി ജോയി ഉപ്പൂട്ടിൽ, പരേതരായ ഇബ്രാഹിം ആരിഫ്(ഊട്ടി), രഞ്ജിത് ജോൺ കുര്യൻ കുന്നങ്കര, കുറിച്ചി.