വാഹന പരിശോധനയ്ക്കിടെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കടന്നു പിടിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ വഴിയില്‍ ഉപേക്ഷിച്ച് പൊലീസ്. ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന യുവാക്കളിലൊരാള്‍ മുഖമടിച്ച് റോഡില്‍ വീഴുകയായിരുന്നു. കടന്നു പിടിച്ച പൊലീസുകാരനും നിലത്തുവീണു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാവിനെ അവിടെയിട്ട പൊലീസുകാര്‍, പരുക്കേറ്റ പൊലീസുകാരനെ മാത്രം ജീപ്പിലെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചെല്ലാനം ഹാര്‍ബറിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
ആലപ്പുഴ കൊമ്മാടി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.അനില്‍ രാജേന്ദ്രനെന്ന യുവാവാണ് മുഖമടിച്ച് വീണത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍ വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഫോര്‍ട്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷം കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. പൊലീസ് കൈ കാണിച്ചതോടെ യുവാക്കള്‍ നിര്‍ത്താതെ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. ഉടന്‍ സിപിഒ ബിജുമോന്‍ വലതുകൈയില്‍ കടന്നു പിടിച്ചു. ആക്സിലറേറ്റര്‍ റേസായതോടെ ബൈക്ക് മുന്നോട്ട് കുതിച്ച് യുവാക്കളും പൊലീസുകാരനും റോഡിലേക്ക് വീണു. വീഴ്ചയില്‍ പൊലീസുകാരന്‍ ബോധരഹിതനായി. അനിലിന്‍റെ മൂക്കിന്‍റെ പാലം ഒടിയുകയും കീഴ്ത്താടിക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു.
ബിജുമോനെയുമായി പൊലീസ് ജീപ്പ് പോകാനൊരുങ്ങുന്നത് കണ്ട് അനിലിനെ കൂടെ കൊണ്ടുപോകാന്‍ രാഹുല്‍ അപേക്ഷിച്ചെങ്കിലും 'നീയൊക്കെ എങ്ങനെയെങ്കിലും പോടാ' എന്നായിരുന്നു പൊലീസുകാരുടെ മറുപടി. ഒടുവില്‍ മറ്റൊരു ബൈക്ക് യാത്രക്കാരന്‍റെ സഹായത്തോടെ അനിലിനെ ബൈക്കിന് പിന്നില്‍ പിടിച്ചിരുത്തിയാണ് രാഹുല്‍ ചെട്ടികാട് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
എന്നാല്‍ യുവാവിനെ പിടിച്ച് നിര്‍ത്തിയിട്ടില്ലെന്നും വാഹന പരിശോധന നടത്തിയ പൊലീസുകാര്‍ക്ക് നേരെ യുവാക്കള്‍ ബൈക്കോടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.