തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ കണ്ടത് യഥാർഥ ഡി മണി തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ഡി മണിയുടെ യഥാർഥ പേരാണ് എം സുബ്രഹ്മണ്യം. അതിന്റെ ചുരുക്കപ്പേരാണ് എം.എസ്.മണിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. ബാലമുരുകന്‍ ഡി മണിയുടെ സുഹൃത്താണെന്നും അന്വേഷണസംഘം കണ്ടെത്തി. ബാലമുരുകനെ ഇന്ന് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
അതിനിടെ പഞ്ചലോഹ വിഗ്രഹക്കടത്തിന് തെളിവൊന്നും ലഭിച്ചില്ലെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഡി മണിയുടെ സംഘവും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ ചില സൂചനകൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺവിളി വിവരങ്ങളിൽ ഡി മണിയുടെ സഹായി ശ്രീകൃഷ്ണന്റെ നമ്പർ വന്നതാണ് സംശയത്തിന് അടിസ്ഥാനം. കൂടുതൽ ചോദ്യംചെയ്യലിലൂടെ ഇത് ഉറപ്പിക്കാനാണ് ശ്രമം. Also Read: ശബരിമല സ്വര്‍ണക്കൊള്ള വഴിത്തിരിവിലോ? അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലെന്തെല്ലാം? .
തമിഴ്നാട് ഡിണ്ടിഗലിലുള്ള ഓഫീസിലെത്തിയാണ് അന്വേഷണസംഘം ഡി മണിയെ ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം ഡി. മണിയുടെ സഹായിയായ ശ്രീകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ശ്രീകൃഷ്ണന്‍ നേരത്തെ തമിഴ്നാട്ടിലെ ഇറിഡിയം തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് സ്ഥിരീകരിച്ചു. ശ്രീകൃഷ്ണനില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി മണിയുടെ ഓഫീസിലേക്ക് എസ്.ഐ.ടിയെത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി.മണി താനല്ലെന്നും തന്‍റെ പേര് എം.എസ്. മണിയെന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രം കാണിച്ചപ്പോള്‍ അറിയില്ലായെന്ന് പറഞ്ഞ മണി തനിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള തന്ത്രം മാത്രമെന്ന് പൊലീസ് വിലയിരുത്തി. പഞ്ചലോഹ വിഗ്രഹം കടത്തിയെന്ന ആരോപണം ഉന്നയിച്ച പ്രവാസി വ്യവസായിയും ഇത് തന്നെയാണ് താന്‍ ഉദ്ദേശിച്ച ഡി മണിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ ജനുവരി 4, 5 തീയതികളില്‍ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി പൊലീസ് മടങ്ങി. ഡി മണിയെന്ന് കരുതുന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. 4 ാം തീയതിയിലെ ചോദ്യം ചെയ്യലിന് ശേഷം ഡി മണിയേ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കും വിഗ്രഹക്കടത്ത് നടന്നോയെന്നതിലും വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.