മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആംബുലന്‍സ് ഉദ്ഘാടനച്ചടങ്ങിനായിരുന്നു പോറ്റി എത്തിയത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. പി.ശശിക്ക് കൈ കൊടുക്കുന്നതും ദൃശ്യത്തില്‍ കാണാം.
Also Read: ‘രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐ; രണ്ടാമത്തെ ചിത്രത്തിന്റെ വിശദാംശങ്ങള്‍ വൈകാതെ പുറത്തു വരും’
മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം .വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവി പിടിക്കുന്നതരത്തില്‍ പുറത്തുവന്ന ഫോട്ടോ അടൂര്‍ പ്രകാശ് പ്രചരിപ്പിക്കുന്നത് എഐ ആണ്. പോറ്റിയുടെ അടുത്ത് കൂടി നടന്നു പോകുന്ന മറ്റൊരു ഫോട്ടോയുടെ വിവരങ്ങള്‍ താമസിക്കാതെ പുറത്തുവരും. സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയിലും അന്വേഷണം വരുമെന്നും ആരാണ് അപ്പോയിന്‍മെന്‍റ് നല്‍കിയതെന്നതില്‍ അടൂര്‍ പ്രകാശിന് മറുപടിയില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു
അതേസമയം, താന്‍ കാണുന്നതിന് മുന്‍പ് മുഖ്യമന്ത്രിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ചേരുന്നതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സ്വർണ്ണക്കൊള്ളയിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനുമൊക്കെയായി വിവിധ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഇത് ഉപയോഗിച്ചാണ് നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാര്‍ ഉൾപ്പെടെ അറസ്റ്റിൽ ആയതോടെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയാഗാന്ധിയുടെ ചിത്രം എടുത്ത് സിപിഎം നേതാക്കളാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി. മുഖ്യമന്ത്രിയും മറുപടിയായി എത്തിയതോടെ വിവാദം കൊഴുത്തു.