ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണ നിഴലിലുള്ള ഡി മണിയെന്ന ബാലമുരുകന്‍റെ വീട്ടില്‍ റെയ്ഡ്. പ്രത്യേക അന്വേഷണ സംഘമാണ് തമിഴ്നാട് ഡിണ്ടിഗലിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. മണിയുടെ സഹായി ശ്രീകൃഷ്ണനെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നായിരുന്നു ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയായ ശ്രീകൃഷ്ണന്‍റെ മൊഴി.
ഡി മണിയുടെ സംഘം കേരളത്തില്‍ ക്ഷേത്രങ്ങള്‍ ലക്ഷ്യമാക്കി വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി വ്യവസായിയാണ് വെളിപ്പെടുത്തിയത്. ആയിരം കോടിയുടെ കവര്‍ച്ചയ്ക്കാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ശബരിമലയ്ക്ക് പുറമെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും തട്ടിപ്പ് നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. രമേശ് ചെന്നിത്തലയാണ് വ്യവസായിയെ കുറിച്ച് വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ സംഘം രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘത്തിന് വിറ്റതായും വ്യവസായി മൊഴി നല്‍കിയിരുന്നു.