ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിയുടെ സഹായി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ഡിണ്ടിഗലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീകൃഷ്ണന്‍റെ മൊഴി. ഇയാള്‍ ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്. അതേസമയം, ഡി മണിയെ വിശദമായി ചോദ്യം ചെയ്യാനായില്ലെന്ന് എസ്ഐടി വ്യക്തമാക്കി.
ബാലമുരുകനെന്നാണ് ഡി മണിയുടെ യഥാര്‍ഥ പേരെന്ന് കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ എസ്ഐടി വെളിപ്പെടുത്തിയിരുന്നു. ആയിരം കോടി രൂപയുടെ കവര്‍ച്ചയാണ് കേരളത്തില്‍ ഡി മണിയും കൂട്ടരും ലക്ഷ്യമിട്ടതെന്നും ശബരിമലയ്ക്ക് പുറമെ പത്മനാഭ സ്വാമി ക്ഷേത്രവും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയുടെ പേര് രമേശ് ചെന്നിത്തല അന്വഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ വ്യവസായിയാണ് ഡി.മണി ഉള്‍പ്പെട്ട സംഘത്തെ കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ കൈമാറിയത്.
ശബരിമലയില്‍ നിന്ന് വിഗ്രഹക്കടത്ത് നടന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ മൊഴി. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘത്തിന് വിറ്റെന്നും ഡി മണിയാണ് അവ വാങ്ങിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2020 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിനുള്ള പണം കൈമാറ്റം ചെയ്തതെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു.