satheesan-belram

ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായക്കെതിരെ അതിഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്തു കൊണ്ടുവന്ന മനോരമ ന്യൂസ് വാര്‍ത്തയോടു പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത്തരക്കാരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് വി.ഡി ആരോപിച്ചു. ജയിലില്‍ വന്‍ മാഫിയയാണ്. പ്രതികള്‍ക്ക് പ‍ഞ്ചനക്ഷത്രസൗകര്യം ഏര്‍പ്പെടുത്തുന്നു . കൂട്ടുനില്‍ക്കുന്നവരെ മുഖ്യമന്ത്രിയുടെ ഓഫിസ് സംരക്ഷിക്കുന്നു. ഡിഐജി: വിനോദ് കുമാറിനെതിരായ പരാതികള്‍ മുഖ്യമന്ത്രി പൂഴ്ത്തി. 

 ജയില്‍മേധാവിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും വി.ഡി ആവശ്യപ്പെട്ടു. 

ഗുരുതരവെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിഐജി 

ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായക്കെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി മുന്‍ ജയില്‍ ഡിഐജി പി.അജയകുമാര്‍ മനോരമ ന്യൂസില്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ്കുമാറിന്‍റെ അഴിമതിയുടെ പങ്ക് ബല്‍റാംകുമാര്‍ ഉപാധ്യായ കൈപ്പറ്റി. ജയില്‍ മേധാവിയുടെ അധികാരം മുഴുവന്‍ വിനോദ് കുമാറിന് നല്‍കി വഴിവിട്ട ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുവെന്നും ആരോപണം. വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോള്‍ വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാര്‍ വെളിപ്പെടുത്തുന്നു. തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മുന്‍ ഡിഐജിയുടെ ഗുരുതര ആരോപണം.

Also Read: ജയില്‍ തലപ്പത്ത് വന്‍ അഴിമതി; ബല്‍റാംകുമാര്‍ ഉപാധ്യായ വഴിവിട്ട ഇടപാട് നടത്തി; വെളിപ്പെടുത്തല്‍


വിയ്യൂര്‍ ജയിലില്‍ കലാപമുണ്ടാക്കിയിട്ടും കൊടിസുനിക്ക് പരോള്‍ അനുവദിച്ചു. കൊടി സുനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ടിപി കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോളിന് പിന്നിലും ഈ കുട്ടുകെട്ടാണെന്നും അജയകുമാര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്‍റെയും പൊലീസിന്‍റെയും റിപ്പോര്‍ട്ടുകള്‍ ഉപാധ്യായ അട്ടിമറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിയും മൊബൈലും പ്രതികള്‍ക്ക് ഡിഐജി വിനോദ് എത്തിക്കുന്നുണ്ട്. ഇതിനായി ജയില്‍ ഉദ്യോഗസ്ഥരെ തന്നെ ഏജന്‍റുമാരാക്കി. കൊടിസുനിയുടെ വീട്ടുകാര്‍ നിരന്തരം വിളിക്കുന്നത് വിനോദിനെയാണെന്നും ഫോണ്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും അജയകുമാര്‍ വെളിപ്പെടുത്തി. വിനോദ്കുമാറിനെതിരെ പരാതി നല്‍കിയതിന് തന്നെ ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും പെന്‍ഷന്‍ ആനുകൂല്യം പോലും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Kerala Jail Mafia is the main focus of this article. V.D. Satheesan alleges CM's office protects those involved in jail mafia activities, following revelations against jail chief Balram Kumar Upadhyay.