പാലക്കാട്ട് പലയിടങ്ങളിലായി കടുവയുടെയും പുലിയുടേയും ആക്രമണം. നിരവധി വളർത്തുമൃഗങ്ങളെ കൊന്നു. ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
മേഖലയിൽ പുലി ശല്യം തുടങ്ങിയിട്ട് 10 വര്‍ഷമായി. നിരവധി വളർത്തു മൃഗങ്ങൾ ഇരയായി. ഇതുവരെ കൂടുവെച്ചു പിടികൂടാൻ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തെങ്കര തത്തേങ്ങലത്തും പുലി കടിച്ചു കൊന്നു നിരവധി വളർത്തുമൃഗങ്ങളെ.
മലമ്പുഴയിലും പുലി തന്നെ വില്ലൻ. ഇതിനോടകം പലയിടങ്ങളിൽ പുലി കെണിയിൽ വീണിട്ടുമുണ്ട്. മണ്ണാർക്കാട് ആനമൂളിയിലാവട്ടെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത് കടുവയാണ്. തോട്ടത്തിൽ മേയുകയായിരുന്ന ആടിനെ ഉടമ കുഞ്ഞുമുഹമ്മദിന്റെ മുന്നിലൂടെയാണ് കടുവ കടിച്ചു കൊണ്ടു പോയത്. നിരന്തരമുണ്ടാകുന്ന ആശങ്ക പരിഹരിക്കാൻ വനംവകുപ്പ് കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.