ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനായി. ക്രിസ്മസ് ദിനത്തിന്‍റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മേജര്‍ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാം

ക്രിസ്മസിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നു. ജീവനെടുക്കാനും മര്‍ദിക്കാനും ഭയപ്പെടുത്താനും കഴിയും. ​യേശുവിന്‍റെ നാമം ഭൂമിയില്‍ നിന്ന് എടുത്തുമാറ്റാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാമെന്നും ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്ക ബാവാ പറഞ്ഞു.

പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടികൂടി വരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നും ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പുനലൂർ ഇടമൺ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന എൽദോ പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു.

രാജ്യത്തെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം സുരക്ഷിതമായി ക്രിസ്മസ് ആഘോഷിക്കാന്‍ കര്‍ശന നിയമപാലനം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുന്നു. മത, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കണം. ക്രിസ്മസ് വേളയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേൽപ്പിക്കുന്നതാണ്. അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Christmas services were held in churches across Kerala. The importance of Christmas should not be undermined, according to religious leaders, and prayers were offered for peace and justice.