Untitled design - 1

ആട് 3 ഷൂട്ടിങ്ങിനിടെ പരുക്കേറ്റ വിനായകന് ആറാഴ്ച വിശ്രമം നിർദേശിച്ച് ഡോക്ടർമാർ. തൊടുപുഴയില്‍ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പേശികൾക്ക് ക്ഷതമേറ്റത്.  കഴുത്തിലാണ് പരുക്കേറ്റതെന്നും, ഞരമ്പുകൾക്ക് ക്ഷതമേറ്റുവെന്നും വിനായകന്‍   മനോരമ ന്യൂസിനോട് പറഞ്ഞു.

'ഞരമ്പുകൾക്ക് ക്ഷതമേറ്റത് നേരത്തെ അറിഞ്ഞത് നന്നായി, വൈകിയെങ്കിൽ ശരീരം പൂർണമായും തളർന്ന് പോകുമായിരുന്നു. കഴുത്തിലെയും തോളിലെയും പേശികൾക്കാണ് തകരാറ് പറ്റിയത്'. – വിനായകന്‍ വ്യക്തമാക്കുന്നു. 

ജീപ്പ് ഉൾപ്പെടുന്ന സംഘട്ടനരംഗങ്ങൾക്കിടെയാണ് ശനിയാഴ്ച അപകടമുണ്ടായത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നുള്ള എം.ആർ.ഐ സ്കാനിലാണ് ഷൂട്ടിംഗിനിടെ ഞരമ്പിനും പേശികൾക്കുമുണ്ടായ സാരമായ ക്ഷതം കണ്ടെത്തിയത്. 

ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന 'ആട് 3' സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ടൈം ട്രാവൽ ചിത്രമായി വലിയ ക്യാൻവാസിലാണ് ‘ആട് 3’ ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഫാന്റസി എപിക് ചിത്രമായിരിക്കും ആട് 3 എന്ന് മിഥുൻ മാനുവൽ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാന താരങ്ങളായ ധർമ്മജൻ ബോൾഗാട്ടി, വിനായകൻ, സൈജു കുറുപ്പ് തുടങ്ങിയവർ ഈ ഭാഗത്തും ഉണ്ടാകും. 'ആട് 2' സമ്മാനിച്ചതുപോലുള്ള വലിയ വിജയം 'ആട് 3'-യും നേടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യും

ENGLISH SUMMARY:

Vinayakan's injury during Aadu 3 shooting necessitates rest. Doctors have advised him to rest for six weeks following injuries sustained during the film's action sequences, specifically affecting his neck and muscles.