ടിക്കറ്റെടുത്തിട്ടും റെയില്‍വേയില്‍ പിഴ അടക്കേണ്ടി വന്ന അനുഭവം പങ്കുവച്ച തിരുവനന്തപുരത്തെ കണ്‍സിലര്‍ പാര്‍വതി ഗിരികുമാറിന്‍റെ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. റെയിൽവൺ എന്ന ആപ്പ് വഴി 30 രൂപയുടെ ജനറൽ ടിക്കറ്റ് എടുത്തിട്ടും, തിരുവനന്തപുരം-ചെന്നൈ മെയിലിൽ യാത്ര ചെയ്ത താനടക്കമുള്ളവരിൽ നിന്ന് 265 രൂപ പിഴയായി ഈടാക്കിയെന്നാണ് പാര്‍വതി പറഞ്ഞത്. മെയിൽ ട്രെയിനുകൾക്കുള്ള ടിക്കറ്റ് ആണെന്നും തിരുവനന്തപുരം-ചെന്നൈ മെയി സൂപ്പർഫാസ്റ്റ് ആണെന്നും പറഞ്ഞാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം സെൻട്രൽ മെയിൽ എന്നല്ലേ എന്ന ചോദ്യത്തിന് അത് ട്രെയിനിന്റെ പേര് ആണെന്നും സത്യത്തിൽ അത് സൂപ്പർഫാസ്റ്റ് ആണെന്നുമായിരുന്നു മറുപടി ലഭിച്ചതെന്നും പാര്‍വതി പറയുന്നു.
എന്നാല്‍ പാര്‍വതിയുടെ പരാതി അടിസ്ഥാനരഹിതം എന്ന് പറഞ്ഞ് സതേണ്‍ റെയില്‍വേ, തിരുവനന്തപുരം ഡിവിഷനും പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ട്രെയിൻ പേര് എന്ത് തന്നെ ആയാലും യാത്ര ചെയ്യുമ്പോൾ ട്രെയിൻ അല്ലെങ്കിൽ കോച്ച് സംബന്ധിച്ച് വ്യക്തമായി മനസിലാക്കി ടിക്കറ്റ് (യാത്രാരേഖ) കയ്യിൽ കരുതേണ്ടതാണ്. പാര്‍വതിയുടെ കേസില്‍, UTS ആപ്പിൽ തെരെഞ്ഞെടുത്ത ടിക്കറ്റ് മെയിൽ/എക്സ്പ്രസ് വിഭാഗത്തിലുള്ളതായിരുന്നുവെന്നും അത് ഉപയോഗിച്ച് യാത്ര ചെയ്യാൻ പറ്റുന്ന ട്രെയിനിൽ കയറുന്നതിന് പകരം വൈകി വന്ന സൂപ്പർഫാസ്റ്റ് ട്രെയിനിൽ കയറിയത് കൊണ്ട് പിഴയും സൂപ്പർഫാസ്റ്റ് ചാർജും അടക്കേണ്ടതായി വന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഇത് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന നിരീക്ഷണം ശരിയല്ലെന്നും പറയുന്ന പോസ്റ്റില്‍ ഇത് ഒഴിവാക്കൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും പറയുന്നുണ്ട്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഫേസ്ബുക്ക് കുറിപ്പിലൂടെയും മാധ്യമങ്ങളിലൂടെയും ഉയർന്നുവന്ന പരാതി അടിസ്ഥാനരഹിതമാണ്. തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ട്രെയിൻ നമ്പർ 12623/12624) ട്രെയിനിൽ യാത്ര ചെയ്തതിനെ തുടർന്ന് ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. ഈ സംഭവം നിർഭാഗ്യകരവും അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതുമാണ്.
സൂപ്പർഫാസ്റ്റ് വിഭാഗത്തിൽപ്പെട്ട ട്രെയിനുകൾക്ക് പ്രത്യേക സൂപ്പർഫാസ്റ്റ് ചാർജ് ബാധകമാണ് (ദൂരവും ക്ലാസും അനുസരിച്ച് സാധാരണയായി 15 രൂപ മുതൽ). നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) വെബ്സൈറ്റിലോ റെയിൽ വൺ ആപ്പിലോ “Type of Train” എന്ന ഭാഗത്ത് ഓരോ ട്രെയിനും കൃത്യമായി മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രെയിൻ പേര് എന്ത് തന്നെ ആയാലും യാത്ര ചെയ്യുമ്പോൾ ട്രെയിൻ അല്ലെങ്കിൽ കോച്ച് സംബന്ധിച്ച് വ്യക്തമായി മനസിലാക്കി ടിക്കറ്റ് (യാത്രാരേഖ) കയ്യിൽ കരുതേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ അത് കാണിക്കുകയും, അപാകതകൾ ഉണ്ടെങ്കിൽ അതനുസരിച്ച് ഡിഫറൻസ് തുക, പിഴ അടച്ച് അതിന്റെ രസീത് കയ്യിൽ കരുതുകയും വേണം.
ഇന്ത്യൻ റെയിൽവേ ആക്ട് 1989 സെക്ഷൻ 55 പ്രകാരം എല്ലാ യാത്രക്കാരും കൃത്യമായ യാത്രാരേഖ/ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുകയാണ് വേണ്ടത്. റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ തന്നെ അടുത്ത പുറപ്പെടുന്ന ട്രെയിൻ സൂപ്പർഫാസ്റ്റ് ആണെങ്കിൽ, റെയിൽ വൺ ആപ്പ് വഴി ചാർജ് അടക്കാൻ ഉള്ള സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. യാത്ര ആരംഭിക്കുന്നതിന് മുമ്പേ ഇത് എടുക്കേണ്ടതാണ്. യാത്രാ വേളയിലോ, യാത്ര കഴിഞ്ഞോ ആണെങ്കിൽ ഇത് 'ഇറെഗ്ഗുലർ ട്രാവൽ' എന്ന കുറ്റമായി കണക്കാക്കും. ഈ ഘട്ടത്തിൽ പിഴയോടുകൂടി മാത്രമേ അധിക ചാർജ് അടക്കാൻ കഴിയുകയുള്ളൂ. ട്രെയിൻ സംബന്ധിച്ച സംശയം ഉണ്ടെങ്കിൽ 139 റെയിൽ മദദ് ഹെൽപ്പ്ലൈനിലോ സ്റ്റേഷനിലുള്ള റെയിൽവേ ഉദ്യോഗസ്ഥരോടോ ചോദിച്ചറിയാവുന്നതാണ്.
പ്രസ്തുത കേസിൽ, UTS ആപ്പിൽ തെരെഞ്ഞെടുത്ത ടിക്കറ്റ് മെയിൽ/എക്സ്പ്രസ് വിഭാഗത്തിലുള്ളതായിരുന്നു. അത് ഉപയോഗിച്ച് യാത്ര ചെയ്യാൻ പറ്റുന്ന ട്രെയിനിൽ കയറുന്നതിന് പകരം വൈകി വന്ന സൂപ്പർഫാസ്റ്റ് ട്രെയിനിൽ കയറിയത് കൊണ്ട് പിഴയും സൂപ്പർഫാസ്റ്റ് ചാർജും അടക്കേണ്ടതായി വന്നു. എന്നാൽ ഈ ട്രെയിൻ സൂപ്പർഫാസ്റ്റ് വിഭാഗത്തിൽപ്പെട്ടതിനാൽ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് നിയമാനുസൃതം നടത്തിയ പരിശോധനയിൽ അധിക ചാർജും പിഴയും ഈടാക്കേണ്ടിവന്നു. ഇത് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന നിരീക്ഷണം ശരിയല്ല.
‘ട്രെയിന്റെ ഇനവും ചരിത്രവും പഠിക്കണോ?'; ടിക്കറ്റെടുത്തിട്ടും ഫൈൻ അടയ്ക്കേണ്ടി വന്നെന്ന് കൺസിലർ
ഇത് ഒഴിവാക്കൻ ശ്രദ്ധിക്കേണ്ടവ:
UTS/IRCTC/RAIL ONE ആപ്പുകളിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വ്യക്തമായി മാർക്ക് ചെയ്തിട്ടുള്ളതാണ്. അതേപോലെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സ്‌ക്രീനിൽ തന്നെ യാത്ര തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്റ്റേഷനിൽ അടുത്തതായി വരുന്ന ട്രെയിനുകളുടെ വിവരം അവ ഏത് ഗണത്തിൽ പെടുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഏതൊരു സാധാരണക്കാരനും നോക്കി മനസ്സിലാക്കാവുന്നതാണ്. "Check Upcoming Trains" എന്നതാണ് ആ ഓപ്ഷൻ. ഏത് ട്രെയിനിൽ യാത്ര ചെയ്യണമെന്ന് തീരുമാനിക്കുന്നോ അതിന് അനുസരിച്ചുള്ള ടിക്കറ്റ് എടുത്ത് കൈവശം കരുതുക.
റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റുകൾ ശ്രദ്ധിച്ചാലും അടുത്തതായി സ്റ്റേഷനിൽ വരുന്ന വണ്ടി ഏത് ഗണത്തിൽ പെട്ടതാണെന്ന് തിരിച്ചറിയാൻ സാധിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുവാൻ കൃത്യമായ യാത്ര രേഖകൾ സംബന്ധിച്ച് യാത്രക്കാർക്ക് കൂടുതൽ അവബോധം നൽകുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമാക്കും. യാത്രക്കാർക്ക് സുഗമവും സുരക്ഷിതവും സുഖകരവുമായ സേവനം ഉറപ്പാക്കുക എന്നതാണ് റെയിൽവേയുടെ പ്രധാന ലക്ഷ്യം.