കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനെട്ടാം വാര്‍ഡില്‍ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിൽ പരിഭ്രാന്തി പരത്തി. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇഎൻടി വിഭാഗത്തിലാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണു ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു.
ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാർ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവർ സ്ഥലത്തെ സുരക്ഷ ശക്തമാക്കി.
സംഭവത്തിൽ വിശദമായ പരിശോധനകൾ നടന്നു വരികയാണ്. 18–ാം വാർഡിലെ രോഗികളെ പിന്നീട് പുതിയ കാഷ്വൽറ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ വാർഡുകളിലേക്ക് മാറ്റി. 18–ാം വാർഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ ഉടൻ തന്നെ മാറ്റാനായിരുന്നു തീരുമാനം. ഇവിടെ 1975 കാലഘട്ടത്തിൽ നിർമിച്ച മൂന്നു കെട്ടിടങ്ങളിൽ ഒന്നാണ് ഒപി ബ്ലോക്ക്.
ഇതിനൊപ്പം നിർമിച്ചിരുന്ന സർജിക്കൽ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാൾ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്. ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നൽകി. 18–ാം വാർഡ് പൂർണമായും അടച്ചിരിക്കുകയാണ്.