attappadi-manikandan-assault

പാലക്കാട്‌ അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി രാമരാജ് പിടിയിൽ. മണ്ണാർക്കാട് ഭാഗത്തേക്ക് ബസിൽ പോകവേ ആനമൂളിയിൽ നിന്നാണ് പിടികൂടിയത്. ആക്രമണം നടന്നു ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് അനങ്ങിയത്.

കഴിഞ്ഞ ഡിസംബർ 7 നാണ് സംഭവം. ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് മണികണ്ഠനെ മോഷണമാരോപിച്ചു ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയോടിക്ക് ക്ഷതമേറ്റു. ദേഹമാസകലം പരുക്കേറ്റു. പുതൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ദിവസങ്ങളായിട്ടും പൊലീസ് ഭാഗത്തുനിന്ന് കാര്യമായ ഒരു നീക്കവും ഉണ്ടായിരുന്നില്ല. നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി, രാമരാജിനെ പിടികൂടാതെ നിസംഗത പാലിച്ചിച്ചു. വിഷയം മാധ്യമങ്ങളിൽ വന്നതോടെ പൊലീസ് അനങ്ങി. വൈകീട്ടോടെ രാമരാജിനെ ആനമൂളിയിൽ നിന്ന് പിടികൂടി. നേരത്തെ ചുമത്താതിരുന്ന എസ് സി എസ് ടി അതിക്രമം തടയൽ വകുപ്പുകൾ അടക്കം ചുമത്തി.

ദിവസങ്ങൾ ഇത്രയായിട്ടും പൊലീസ് കുറ്റക്കാരനൊപ്പം നിൽക്കുന്നുവെന്ന ആരോപണവുമായി മണികണ്ഠന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം മണികണ്ഠനെ ആക്രമിച്ച ശേഷം രാമരാജ് ഒളിവിൽ പോയിരുന്നുവെന്നും ശക്തമായി നടപടി സ്വീകരിച്ചിരുന്നെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്

ENGLISH SUMMARY:

Manikandan, a tribal youth from Paloor, Attappady, was brutally assaulted by a person named Ramaraj over theft suspicions. Manikandan suffered a skull fracture and underwent surgery at Kozhikode Medical College. Family alleges that Puthur Police registered a weak case against the accused despite the severity of the injuries.