പാലക്കാട് വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ ഗുരുതര വകുപ്പുകൾ ചേർത്ത് നടപടി കടുപ്പിച്ചു പൊലീസ്. എസ്സി–എസ്ടി അതിക്രമം തടയൽ, ആൾകൂട്ടകൊലപാതകം വകുപ്പുകൾ ചുമത്തി. അതിനിടെ റാം നാരായണനോട് ബംഗ്ലാദേശുകാരനാണോ എന്ന് ചോദിച്ചത് കോൺഗ്രസുകാരനാണെന്ന് ആരോപിച്ചു ബിജെപി നേതാവ് സി. കൃഷ്ണകുമാർ രംഗത്തെത്തി.
അട്ടപ്പള്ളം സ്വദേശികളായ വിനോദ് കുമാറും ജഗദീഷ് കുമാറുമാണ് ഒടുവിൽ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായത് 5 പേർ. ഇനി പിടിയിലാവാനുള്ളവർ 8. അന്വേഷണം ഊർജിതമാക്കി മുന്നോട്ട് പോവുകയാണ് എസ്ഐടി. ഒപ്പം പരമാവധി തെളിവുകൾ ശേഖരിക്കാനും നീക്കമുണ്ട്.
കൊലപാതക കുറ്റത്തിന് പുറമെ എസ്സി–എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളും ചുമത്തി. ഈ വകുപ്പുകൾ ചുമത്താത്തതിനെതിരെ റാംനാരായണന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. അതിനിടെ ആൾക്കൂട്ടക്കൊലയിൽ കോൺഗ്രസിനെതിരെ ആരോപണവുമായി സി. കൃഷ്ണകുമാർ രംഗത്തെത്തി. അതേസമയം നടപടി ക്രമങ്ങൾ പൂർത്തിയാക്കി റാംനാരായണന്റെ മൃതദേഹം ഛത്തീസ്‌ഗഡിലേക്ക് കൊണ്ടു പോയി..