സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പ്രീമിയം തുക വർധിപ്പിച്ചു. മാസം 500 രൂപയിൽ നിന്ന് നിന്ന് 810 രൂപയായി വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 310 രൂപയാണ് ഒരുമാസം വർദ്ധിക്കുക. ഒരു വർഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നൽകേണ്ടി വരിക. അടുത്തമാസം ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.സർക്കാർ ജീവനക്കാരിൽ നിന്ന് ഈ മാസത്തെ ശമ്പളം മുതൽ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും.
പെൻഷൻകാരുടെ ജനുവരി മാസത്തെ പെൻഷനിൽ നിന്നും തുക ഈടാക്കി തുടങ്ങും. പ്രീമിയം വർധനക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സർവീസ് സംഘടനകൾ. നിലവിലുള്ള മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിച്ചാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തുടക്കം കുറിക്കുന്നതെന്നും അതിന് അനുയോജ്യമായ രീതിയിലാണ് പ്രീമിയം വർദ്ധന എന്നും ആണ് ധനവകുപ്പിന്റെ വിശദീകരണം.
എന്താണ് മെഡിസെപ് പദ്ധതി?
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള അതിബൃഹത്തായ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് മെഡിസെപ് പദ്ധതി. 2022 ജൂലൈ ഒന്ന് മുതലാണ് പദ്ധതി നിലവില്‍ വന്നത്. പ്രതിമാസം 500 രൂപ വീതമാണ് പ്രീമിയമായി അടയ്ക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനില്‍ നിന്നുമാണ് പ്രീമിയം തുക പിടിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ പോളിസി കാലയളവില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലായിരുന്നു അടിസ്ഥാന കവറേജ് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ലക്ഷത്തില്‍ ഒന്നര ലക്ഷം രൂപ അതത് വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും. ഇതനുസരിച്ച് പദ്ധതിയുടെ കീഴില്‍ വരുന്ന പൊതു–സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഇന്‍ഷൂറന്‍സ് പ്രാഥമിക ഗുണഭോക്താവിനും ആശ്രിതര്‍ക്കും ചികില്‍സ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. കാഷ് ലെസ് ചികില്‍സയാണ് മെഡിസെപ് വഴി ലഭിച്ചിരുന്നത്.