തൃശൂർ മേയർ സ്ഥാനത്തേയ്ക്കു കോൺഗ്രസ് പരിഗണിക്കുന്നത് മൂന്നു വനിതകളെ. ഗൈനക്കോളജിസ്റ്റായ ഡോക്ടർ നിജി ജസ്റ്റിൻ, മുതിർന്ന അംഗങ്ങളായ ലാലി ജെയിംസ്, സുബി ബാബു എന്നിവരെയാണ് മേയർ പദവിയിലേയ്ക്ക് പരിഗണിക്കുന്നത്.
തൃശൂർ ഡി.സി.സിയിൽ പ്രസിഡൻ്റ് ജോസഫ് ടാജറ്റിൻ്റെ സാന്നിധ്യത്തിൽ കോർപറേഷൻ കൗൺസിലർമാരുടെ യോഗം ചേർന്നു. പാർലമെൻ്ററി പാർട്ടി യോഗത്തിൽ മുപ്പത്തിമൂന്നു കൗൺസിലർമാരും പങ്കെടുത്തു. മേയറെ തിരഞ്ഞെടുക്കാനുള്ള ചുമതല ഡി.സി.സി. പ്രസിഡൻ്റിനു യോഗം കൈമാറി. വനിതയാണ് മേയർ.
കിഴക്കുംപാട്ടുക്കര ഡിവിഷനിൽ നിന്ന് ജയിച്ചുവന്ന തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് നിജി ജസ്റ്റിനെ പാർട്ടി മേയർ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. നാലാം തവണയും ജയിച്ച് കോർപറേഷനിൽ എത്തിയ ലാലി ജെയിംസാണ് മറ്റൊരു വനിത. മുൻ ഡപ്യൂട്ടി മേയറായിരുന്ന സുബി ബാബുവാണ് മറ്റൊരു വനിത. ഇവരിൽ ഒരാൾ മേയറാകും. ഡപ്യൂട്ടി മേയറായി കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് വരും. രണ്ടര വർഷത്തിനു ശേഷം ബൈജു വർഗീസായിരിക്കും ഡപ്യൂട്ടി മേയർ.
ഔദ്യോഗികമായി പേരുവിവരങ്ങൾ ഡി.സി.സി. പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചില്ല. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്. വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിനെ കോർപറേഷൻ ഭരണത്തിൽ വോട്ടർമാർ എത്തിച്ചത്. പത്തു വർഷം നീണ്ട എൽ.ഡി.എഫ് ഭരണമാണ് അവസാനിച്ചത്. അടുത്ത നിയസഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മികച്ച വനിതാ മേയറെ പ്രഖ്യാപിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം.