രണ്ടുപതിറ്റാണ്ടായി ഒരു നിയമസഭ സീറ്റുപോലുമില്ലെന്ന നാണക്കേട് തീര്‍ക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തില്‍ 13 നിയമസഭ സീറ്റുകളില്‍ ഒന്‍പതിടത്തും യു.ഡി.എഫിനാണ് മേല്‍ക്കൈ.
2001 ലാണ് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് അവസാനമായി എം എല്‍ എ ഉണ്ടായത്. 2006 മുതല്‍ മല്‍സരിച്ച ഒരാള്‍പോലും ജയിച്ചില്ല. അപ്പോഴും മുന്നണിയുടെ മാനം കാത്തത് മുസ്ലീം ലീഗും ആര്‍ എം പിയുമാണ്. എന്തായാലും ഇക്കുറി ആ നാണക്കേട് ഉണ്ടാകില്ലെന്ന് നേതൃത്വം ഉറപ്പിച്ചുപറയുന്നു.
മുസ്ലീം ലീഗ് മല്‍സരിച്ച കുറ്റ്യാടി, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം കോഴിക്കോട് സൗത്ത്, കോണ്‍ഗ്രസ് മല്‍സരിച്ച ബാലുശേരി, കൊയിലാണ്ടി, നാദാപുരം, ആര്‍ എം പി മല്‍സരിച്ച വടകര എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് മേല്‍ക്കൈ. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ എലത്തൂര്‍ എന്നിവിടങ്ങളില്‍ എല്‍ ഡി എഫിനാണ് ഭൂരിപക്ഷം .ഇതില്‍ മന്ത്രി റിയാസിന്റ മണ്ഡലമായ ബേപ്പൂരില്‍ രണ്ടായിരത്തിന് താഴെ വോട്ടേ എല്‍ ഡി എഫിന് കൂടുതലുള്ളു.ബാക്കി രണ്ടിടത്തില്‍ ആറായിരത്തില്‍ താഴെ. ബേപ്പൂരില്‍ കഴിഞ്ഞതവണ മാണി സി കാപ്പന്‍ വിഭാഗമാണ് മല്‍സരിച്ചത്. സീറ്റിന്റ കാര്യത്തില്‍ ഇക്കുറിയും നീക്കുപോക്ക് വേണ്ടിവരും. ജോസ് കെ മാണി വന്നാല്‍ തിരുവമ്പാടി വിട്ടുകൊടുക്കാന്‍ ലീഗ് തയാറാണ്. സി എം പിക്ക് കോഴിക്കോട് ഒരു സീറ്റ് നല്‍കണമെന്ന ആവശ്യമുണ്ട്. മുന്നണിയുടെ ഭാഗമായിട്ടില്ലെങ്കിലും ബേപ്പൂരില്‍ മല്‍സരിക്കാന്‍ തയാറാണെന്ന് പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ അനുകൂല അന്തരീക്ഷം കൈവന്നതോടെ വിട്ടുവീഴ്ചയ്ക്കും സീറ്റ് കൈമാറ്റത്തിനും ആരോക്കെ തയാറാകുമെന്നത് പ്രധാനമാണ് .