വയനാട് പുൽപ്പള്ളിയിൽ ഭീതി പരത്തുന്ന നരഭോജി കടുവയ്ക്കായി നിരീക്ഷണം ശക്തം. ഇന്നലെ വൈകിട്ട് മാടപ്പള്ളിക്കുന്ന് ഉന്നതിക്ക് സമീപം വനാതിർത്തിയിലാണ് നാട്ടുകാർ കടുവയെ അവസാനം കണ്ടത്. ദേവർഗദ്ദയിലെ മാരനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണിത്.
കർണാടക ഡാറ്റാ ബേസിലുള്ള കടുവയുടെ ദൃശ്യങ്ങളാണ് ക്യാമറ ട്രാപ്പിൽ പതിഞ്ഞത്. ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്. സാഹചര്യം വഷളായാൽ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. ഒന്നിലധികം കടുവകളുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് വനപാലകർ പട്രോളിങ് നടത്തുന്നത്. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.