വാളയാറിലെ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബംഗ്ലാദേശിയെന്ന് വിളിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും ആര്‍എസ്എസ് നേതാക്കൾ ഇതിന് നേതൃത്വം നൽകിയെന്നും മന്ത്രി എം.ബി.രാജേഷും ആരോപിച്ചു
Also Read: വാരിയെല്ലുകള്‍ ചവിട്ടിപ്പൊട്ടിച്ചു, മര്‍ദനമേല്‍ക്കാത്തതായി ഒരു ഭാഗം ബാക്കിയില്ല
പാലക്കാട് കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കേരളം പോലെ പരിഷ്കൃത സമൂഹത്തിന്റെ യശസിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ല. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, പ്രതികള്‍ റാം നാരായണനെ ക്രൂമായി മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുതുകിലും മുഖത്തും ചവിട്ടി. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചുവെന്നും റിപ്പോര്‍ട്ട്. റാം നാരായണന്റെ കുടുംബവുമായി തൃശൂരില്‍ മന്ത്രി കെ.രാജന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ധനസഹായത്തില്‍ തീരുമാനമായില്ല. കാബിനെറ്റ് തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.റാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന് ബന്ധുക്കള്‍ സമ്മതമറിയിച്ചു. മൃതദേഹം സര്‍ക്കാര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കാനും തീരുമാനമായി.
അപമാനത്താല്‍ കേരളം തല കുനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. റാം നാരായണിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ശക്തമായ നടപടിയെടുക്കണമെന്നും വിഡി ആവശ്യപ്പെട്ടു.