sabari-sit

ശബരിമല സ്വര്‍ണക്കൊള്ളയിലെ തൊണ്ടിമുതല്‍ ഇനിയും കണ്ടെത്താനാകാതെ എസ്.ഐ.ടി. എത്രമാത്രം സ്വര്‍ണം നഷ്ടമായെന്നതിലും അന്വേഷണം അവസാനിക്കാറാകുമ്പോഴും വ്യക്തതയില്ല. അതിനിടെ ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്ന് ലഭിച്ച സ്വര്‍ണത്തിന്‍റെ വില ദേവസ്വത്തിന് നല്‍കിയിരുന്നൂവെന്ന് അറസ്റ്റിലായ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ പറഞ്ഞു. പത്ത് ലക്ഷത്തോളം രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കിയതിന്‍റെ രേഖകളും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചു. 

സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ടര മാസമായി. ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണം എവിടേയെന്ന് ചോദിച്ചാല്‍ എസ്.ഐ.ടിക്ക് ഉത്തരമില്ല. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. അവര്‍ക്ക് തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള മറ്റ് സ്വര്‍ണം തൊണ്ടിമുതലെന്ന പേരില്‍ SIT എടുത്തതാണ്. എത്ര സ്വര്‍ണം നഷ്ടമായെന്നതിലും വ്യക്തയില്ല. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടമായെന്നായിരുന്നു ആദ്യ നിഗമനം. അങ്ങനെയെങ്കില്‍ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും എടുത്തതായി പറയുന്ന 584 ഗ്രാമിനപ്പുറം ബാക്കി ഒന്നര കിലോ എവിടെയെന്ന് ഒരുപിടിയുമില്ല.

അന്വേഷണ കാലാവധി തീരാന്‍ മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് നിര്‍ണായക ചോദ്യത്തിന് ഉത്തരമില്ലാതെ എസ്.ഐ.ടി കറങ്ങുന്നത്. അതിനിടെ ഇതുവരെയുള്ള കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്ന അവകാശവാദവുമായി ഗോവര്‍ധന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്ക് ലഭിച്ച 475 ഗ്രാം സ്വര്‍ണത്തിന്‍റെ വിലയായി 14.97 ലക്ഷം രൂപ 2019ല്‍ തന്നെ തിരിച്ചടച്ചെന്നാണ് രേഖകള്‍ സഹിതം അവകാശപ്പെടുന്നത്. 9.99 ലക്ഷം രൂപ  ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പേരിലുള്ള അഞ്ച് ഡി.ഡികളായി ദേവസ്വത്തിന് നല്‍കി. 3.13 ലക്ഷം രൂപയ്ക്ക് മാളികപ്പുറത്തേക്ക് മാലവാങ്ങി. ബാക്കി തുക ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് നല്‍കി. ശബരിമലയിലെ സ്വര്‍ണത്തിന് പകരം പണം അടയ്ക്കാന്‍  പോറ്റി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു നടപടിയെന്നും  അതിനാല്‍ താന്‍ സ്വര്‍ണം മോഷ്ടിച്ചതല്ലെന്നാണ് അവകാശപ്പെടുന്നത്. ഇതോടെ ദുരൂഹത വര്‍ധിക്കുകയാണ്. സ്വര്‍ണത്തിന് പകരമുള്ള പണമെന്ന് അറിഞ്ഞുകൊണ്ടാണോ ദേവസ്വം തുക കൈപ്പറ്റിയതെന്നതാണ് പ്രധാന സംശയം. അങ്ങിനെയെങ്കില്‍ ശബരിമലയുടെ സ്വര്‍ണം ദേവസ്വം വിറ്റ് കാശാക്കിയെന്ന ഗുരുതര സാഹചര്യമുണ്ടാകും.  ഈ പണമിടപാട് എസ്.ഐ.ടി ഇതുവരെയും കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

ENGLISH SUMMARY:

The SIT investigation into the Sabarimala gold theft case remains inconclusive as the actual stolen gold is yet to be recovered. Meanwhile, accused businessman Govardhan has approached the High Court with documents claiming he paid the Devaswom Board via DD for the gold he received, raising serious questions about the board's involvement.