സംഘര്‍ഷം തുടരുന്ന ബംഗ്ലാദേശില്‍ വീണ്ടും വിദ്യാര്‍ഥി നേതാവിനുനേരെ വെടിവയ്പ്പ്. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് മുതലിബ് സിക്ദറിനാണ് തലയ്ക്ക് വെടിയേറ്റത്. ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതില്‍ ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ ഖുല്‍ന ജില്ലയിലെ സോന ദംഗയില്‍ വച്ചാണ് അജ്ഞാതര്‍ മുഹമ്മദ് മുതലിബിന് നേരെ വെടിയുതിര്‍ത്തത്. തലയുടെ ഇടതുഭാഗത്ത് വെടിയേറ്റ മുതലിബിനെ ഉടന് ഖുല്‍ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗത്തിന്‍റെ കേന്ദ്രനേതാവാണ് മുതലിബ്. ഷെയ്ഖ് ഹസീനയ്ക്കെതിരായ ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലദേശില്‍ രൂപംകൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനമാണ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി. ജെന്‍ സി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ നടന്ന വെടിവയ്പ്പ് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ലക്ഷ്മിപുരില്‍ ഇന്നലെ ബി.എന്‍.പി നേതാവിന്‍റെ വസതിക്കു നേരെ ഒരു സംഘം തീയിട്ടതിനെ തുടര്‍ന്ന് ഏഴുവയസുകാരി പൊള്ളലേറ്റ് മരിച്ചിരുന്നു. അതിനിടെ ഹിന്ദു യുവാവിന്‍റെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് ധാക്ക നാഷണല്‍ പ്രസ് ക്ലബിന് മുന്നില്‍ ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചു. എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കൊലപാതകത്തെ നിസാരവല്‍ക്കരിക്കുകയാണ് മുഹമ്മദ് യൂനുസ് ഭരണകൂടം. സമാധാനാന്തരീക്ഷം നഷ്ടപ്പെട്ടതോടെ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പൊതു തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്.