wayanad-tiger-attack-old-man-killed-by-tiger

വയനാട് പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ - 65) ആണ് മരിച്ചത്. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെ കൂമനും സഹോദരിയും ചേർന്ന് വണ്ടിക്കടവ് വനമേഖലയോട് ചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടിൽ നിന്നെത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നുപിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം, വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

 മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും, കൊലയാളി കടുവയെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനുള്ളിൽ വയനാട് വൈൽഡ് ലൈഫ് വാർഡൻ അരുണിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. തഹസിൽദാർ സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും ഉടൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. നിലവിൽ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിലുള്ള മൃതദേഹം, ചർച്ചകൾക്ക് ശേഷം മാത്രമേ പോസ്റ്റ്മോർട്ടത്തിനായി  മാറ്റാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.

ENGLISH SUMMARY:

Tiger attack in Wayanad resulted in the death of an elderly man. The incident occurred in Pulppally Vandikkadavu, leading to local protests and demands for compensation.