കണ്ണൂർ പിണറായി വെണ്ടുട്ടായിയിലെ സ്ഫോടന ദൃശ്യം പുറത്ത്. സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈയ്യിലിരുന്ന് ഉഗ്ര ശേഷിയുള്ള ഗുണ്ടിന് സമാനമായ സ്ഫോടക വസ്തു പൊട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. പൊട്ടിത്തെറിയിൽ വിപിൻരാജിന്റെ വലത് കൈപ്പത്തി ചിതറിത്തെറിച്ചു. റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് സ്ഫോടനം. പൊട്ടിയത് ബോംബ് ആണെന്ന് കോൺഗ്രസ് ഉൾപ്പെടെ ആരോപിച്ച പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്രങ്ങളിൽനിന്ന് ദൃശ്യങ്ങൾ പുറത്തുവന്നത്. Also Read: പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കമെന്ന് ഇ.പി
രണ്ടുദിവസം മുൻപ് ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉഗ്ര ശേഷിയുള്ള ഗുണ്ടിന് സമാനമായ സ്ഫോടക വസ്തുവാണ് വിപിൻരാജിന്റെ കൈയിൽ നിന്ന് പൊട്ടിയത്. വിപിൻരാജ് ഇപ്പോഴും ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിപിനെ നേരത്തെ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
ഓലപ്പടക്കം പൊട്ടിയതാണ് എന്നായിരുന്നു യുവാവിന്റെ മൊഴി. എന്നാൽ, പൊട്ടിയത് തിരഞ്ഞെടുപ്പ് ആഘോഷത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ബാക്കി വന്ന ഗുണ്ടിന് സമാനമായ പടക്കമാണ് എന്നാണ് പോലീസ് വിശദീകരണം. മാസങ്ങൾക്ക് മുൻപ് പിണറായി കനാല്‍കരയിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടന തലേന്ന് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയാണ് വിപിൻ രാജ്. രാഷ്ട്രീയ സംഘർഷ കേസുകളിലും ഇയാൾ പ്രതിയാണ്.