അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡി.ഐ.ജി എം.കെ.വിനോദ് കുമാര്‍ നേരത്തെ നടത്തിയ അഴിമതി മുക്കിയും സര്‍ക്കാരിന്‍റെ സംരക്ഷണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഔഷധ സസ്യകൃഷി നടത്തി രണ്ടര ലക്ഷത്തോളം രൂപ അടിച്ചുമാറ്റിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കടുത്ത നടപടിയെടുക്കാനും പണം തിരിച്ചുപിടിക്കാനുമുള്ള വിജിലന്‍സ് ശുപാര്‍ശ നിസാര അച്ചടക്ക നടപടിയില്‍ ഒതുക്കി. പിന്നീടാണ് സ്ഥാനക്കയറ്റം നല്‍കി ഡി.ഐ.ജിയുമാക്കി. രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ജയില്‍ വകുപ്പില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ അഴിമതിക്ക് പിടിക്കപ്പെട്ടിരുന്ന എം.കെ.വിനോദ് കുമാര്‍ അഴിമതിക്കാരനെന്ന് സര്‍ക്കാരിനെ നേരത്തെയും അറിയാമായിരുന്നു. എന്നിട്ട് ശിക്ഷിച്ചില്ലായെന്ന് മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി അധികാരസ്ഥാനത്ത് പ്രതിഷ്ടിക്കുകയും ചെയ്തു. വിനോദിന്‍റെ അഴിമതി ചരിത്രവും സംരക്ഷണത്തിന് ഉന്നത ബന്ധവും ഉറപ്പിക്കുന്ന തെളിവുകളാണ് ഈ രേഖകള്‍. വിനോദ് കുമാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായിരുന്നു 2020 കാലം. ജയിലില്‍ ഔഷധ സസ്യകൃഷി വിനോദിന്‍റെ നേതൃത്വത്തില്‍ നടത്തി. പത്ത് ലക്ഷത്തി എണ്‍പത്തിയാറായിരം രൂപ ചെലവായെന്ന് കണക്കുണ്ടാക്കി. അത് കള്ളമാണെന്നും അതില്‍ രണ്ട് ലക്ഷത്തി മുപ്പത്തിയൊരായിരം രൂപ വിനോദ്കുമാര്‍ അടിച്ചുമാറ്റിയതാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
തടവുകാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതിന്‍റെ കൂലിയെന്ന പേരിലായിരുന്നു വിനോദ് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയത്. ഇത് കയ്യോടെ പിടിച്ച വിജിലന്‍സ് കര്‍ശന നടപടിയെടുക്കണമെന്നും തട്ടിയെടുത്ത പണം പലിശ സഹിതം തിരികെ പിടിക്കണമെന്നും കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അഴിമതിയൊക്കെ സര്‍ക്കാര്‍ ശരിവെച്ചെങ്കിലും നടപടി ആറ് മാസത്തെ ശമ്പള വര്‍ധന തടയലെന്ന ഏറ്റവും ലളിതമാക്കി വിഷയം സര്‍ക്കാര്‍ അവസാനിപ്പിച്ചു. അവിടെയും അവസാനിച്ചില്ല അഴിമതിക്ക് പിടിക്കപ്പെട്ടയാള്‍ക്ക് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കി. ഇതോടെ വിനോദ്കുമാറിന് സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന സംരക്ഷണം വ്യക്തം.