ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണം സംഘം. സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി അറസ്റ്റില്‍. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം വേര്‍തിരിച്ചത് സ്മാര്‍ട് ക്രിയേഷന്‍സായിരുന്നു. തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനും അറസ്റ്റിലായി.
നേരത്തെ കേസ് അന്വേഷണത്തില്‍ ഗുരുതര സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. പ്രധാന പ്രതികളുടെ അറസ്റ്റില്‍ എന്താണു കാലതാമസം എന്ന് ഹൈക്കോടതി എസ്‌ഐടിയോടു ചോദിച്ചിരുന്നു. പഴുതടച്ച അന്വേഷണം വേണമെന്ന ഹൈക്കോടതി മുന്നറിയിപ്പിന് പിന്നാലെയാണ് എസ്‌ഐടി നടപടി.
അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. ഇവരെ ഇന്നു തന്നെ കൊല്ലത്തെ കോടതിയില്‍ ഹാജരാക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് എസ്‌ഐടി വ്യക്തമാക്കി.