ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കാന്‍ ഇഡിയും. ഇ.ഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. ഇഡി അന്വേഷണം വേണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വാദം തള്ളിയാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇ.ഡി അന്വേഷണമാകാമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസ് രേഖകൾക്കായി കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദ്ദേശവും നല്‍കിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയിലും ഇ.ഡിയുടെ ആവശ്യത്തെ പ്രത്യേക അന്വേഷണസംഘം എതിർത്തു. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ എതിർപ്പ് പക്ഷേ വിജിലൻസ് കോടതി തള്ളി.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴുവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്ഐടിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ അറിയിച്ചത്. ഈ വാദം കോടതി തള്ളിയതോടെ റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. Also Read: പോറ്റിയേ കേറ്റിയേ പാട്ടില്‍ സര്‍ക്കാരിന് യു ടേണ്‍; കേസ് പിന്‍വലിച്ചേക്കും
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ 3 പേരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു എന്നിവരുടെ ജാമ്യഹർജിയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. സ്വര്‍ണം പൊതിഞ്ഞ പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് ഉന്നതർക്ക് പങ്കുണ്ടെന്നാണ് പ്രത്യേകാന്വഷണ സംഘം വാദിച്ചത്. കേസന്വേഷണം നിർണായക ഘട്ടത്തിലാണ്. ഈ സമയത്ത് പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അന്വേഷക സംഘം നിലപാടെടുത്തു.
നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു പ്രതികളുടെ വാദം. അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തിട്ടില്ല. ലോഹ പാളികൾ സ്വർണം പൊതിഞ്ഞതാണ് എന്നതിന് രേഖാമൂലം തെളിവുകളില്ല, മൊഴികൾ മാത്രമാണുള്ളതെന്നും പ്രതികൾ വാദിച്ചെങ്കിലും ജാമ്യം അനുവദിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് കോടതി എത്തിയത്.