മസാല ബോണ്ട് കേസില്‍ കിഫ്ബിക്ക് തിരിച്ചടി. ഇഡി നോട്ടിസില്‍ സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി അഞ്ചുവരെയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ടു പോകാം. 

നേരത്തെ വിദേശത്ത് നിന്നു മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നാരോപിച്ച് ഇഡി കിഫ്ബിക്ക് നൽകിയ നോട്ടിസിന്‍മേലുള്ള തുടർനടപടികള്‍ സിംഗിൾ ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇഡി സ്പെഷൽ ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടിസും റദ്ദാക്കണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. 

അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്ന് കിഫ്ബി കോടതിയില്‍ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു അപ്പീലില്‍ കേന്ദ്രത്തിന്‍റെ വാദം. 

ENGLISH SUMMARY:

The KIIFB masala bond case faces a setback as the division bench stays the single bench's stay on the ED notice. This allows the ED to proceed with its investigation into alleged FEMA violations concerning masala bonds.