ചലച്ചിത്രമേഖലയിലെ അനിശ്ചിതകാല സമരം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാലിച്ചില്ലെന്ന് ഫിലിം ചേംബര്‍. സിനിമാ കോണ്‍ക്ലേവില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. സര്‍ക്കാര്‍ അവഗണന തുടരുകയണെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് ചേംബര്‍ ഭാരവാഹികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഈ മാസം 23 ന് ചേംബര്‍ യോഗം ചേരും.
ചലച്ചിത്ര വ്യവസായത്തില്‍ മുതല്‍മുടക്കുന്നവര്‍ക്ക് തുടരെ നഷ്ടം മാത്രം സഹിക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് സിനിമാ ചിത്രീകരണ ഉള്‍പ്പടെ നിര്‍ത്തിവച്ചുകൊണ്ട് ഈ വര്‍ഷം മാര്‍ച്ചില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് മന്ത്രി മന്ത്രി സജി ചെറിയാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഫിലിം ചേംബറിന്‍റെ നേതൃത്വത്തില്‍ വിവിധ സിനിമാ സംഘടകള്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
സിനിമാ കോണ്‍ക്ലേവില്‍ പ്രശനം ചര്‍ച്ചചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും പ്രാവര്‍ത്തികമായില്ലെന്ന് ഫിലിം ചേബര്‍.
നിര്‍മാണച്ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നികുതികളില്‍ ഉള്‍പ്പടെ ഇളവ് നല്‍കാന്‍ വിവിധ വകുപ്പുകളുമായി ആലോചിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാര്‍ഗരേഖ തയാറാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അതും നടപ്പായില്ല. വീണ്ടും സമരമല്ലാതെ മറ്റ് പോംവഴയില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.