തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു കോണ്‍ഗ്രസ് സീറ്റ് നൽകിയാൽ എതിര്‍ക്കുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം.അജിത് കുമാറിന്‍റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുകയാണ് . അജിതിന്‍റെ ബന്ധുക്കള്‍ നേരത്തേ തന്നെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് പറഞ്ഞിരുന്നു. അജിത്ത് മരിച്ചത് തലയ്ക്കേറ്റ പരുക്കുമൂലമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
4 തവണ തലയ്ക്കു പിന്നിലേറ്റ അടി മൂലം ആഴത്തിൽ ചതവുണ്ടായെന്നും ദേഹത്ത് 31 പരുക്കുകൾ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. 60 ദിവസം കഴിഞ്ഞ് പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ അജിതിന്‍റെ ബന്ധുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. മരണം അന്വേഷിക്കുന്നതിലെ ഒത്തുകളി ചൂണ്ടിക്കാട്ടി ഇതിനിടെ വട്ടപ്പാറ പൊലീസിന് എതിരെ ബന്ധുക്കൾ റൂറൽ എസ്പിക്കു പരാതി നൽകിയിരുന്നു. ഇതോടെ അന്വേഷണച്ചുമതലയില്‍ നിന്ന് എസ്ഐയെ മാറ്റി വട്ടപ്പാറ എസ്എച്ച്ഒ അന്വേഷണം ഏറ്റെടുത്തു.
മര്‍ദനമേറ്റ ചിത്രങ്ങൾ സഹിതം അജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു, ‘ഭാര്യ ബീന എന്‍റെ പേരു കൂടി ചേർത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഇനി ബീന അജിത്ത് എന്ന പേര് ഉപയോഗിക്കാൻ പാടില്ല. ഇവർക്ക് കോൺഗ്രസ് കമ്മിറ്റി സീറ്റ് നൽകിയാൽ ഞാൻ തന്നെ അവൾക്ക് എതിരെ രംഗത്തുവരും. ജാഗ്രതൈ’. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ബീനയാണ് അജിത്തിന്‍റെ ഭാര്യ. വെമ്പായം പഞ്ചായത്തിലെ കണക്കോട് വാർഡിൽ ഇക്കുറി ബീന മത്സരിച്ചു പരാജയപ്പെട്ടു. ഒക്ടോബർ 10ന് രാവിലെ അഞ്ചുമണിയോടെയാണ് അജിത്തിനെ വീട്ടിലെ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമിതഅളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായക് ശങ്കർ നൽകിയ മൊഴി.
ഇതു പ്രകാരം പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. മരണം നടന്ന് അഞ്ചാം നാൾ വീട്ടിലെ രണ്ടു മുറികൾ പെയിന്റടിച്ചതിലും അജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതിലും ബന്ധുക്കൾ ദുരൂഹത ആരോപിച്ചെങ്കിലും പൊലീസ് അത്ര ഗൗരവത്തിലെടുത്തില്ല. രാത്രി എട്ടരയോടെ അച്ഛനും അമ്മയും വഴക്കുണ്ടാകുകയും വീണ്ടും മദ്യപിക്കാൻ പോകാനായി അച്ഛൻ വാഹനത്തിന്റെ താക്കോൽ എടുക്കുകയും ചെയ്തെന്ന് അജിതിന്റെ മകന്‍ വിനായക് ശങ്കര്‍ പൊലീസിനു മൊഴി നല്‍കി.
താക്കോൽ പിടിച്ചു വാങ്ങിയ തന്നെ അച്ഛൻ പിടിച്ചുതള്ളുകയും ടോർച്ച് കൊണ്ട് അടിക്കാൻ വരികയും ചെയ്തു. സ്വയരക്ഷയ്ക്കായി വടി എടുത്ത് തിരിച്ചടിച്ചു. രാത്രി 12.30ഓടെ ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. പിന്നീട് ഞാൻ അത് ഡിലീറ്റ് ചെയ്തു. രാവിലെ അഞ്ചുമണിയോടെ അച്ഛൻ അവശനിലയിൽ കിടക്കുന്നതായി അമ്മ അറിയിച്ചു. മരണത്തില്‍ സംശയമില്ലെന്നും വിനായക് പറയുന്നു.