സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ അതിജീവിതയ്ക്ക് വലിയ ആഘാതമുണ്ടായെന്ന് പ്രോസിക്യൂഷന്‍. കേസില്‍ ഗൂഢാലോചനയുണ്ടെന്നും രാഷ്ട്രീയപ്രേരിതമെന്നുമാണ് പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ നിലപാട്. ചലച്ചിത്ര അക്കാദമിക്ക് പരാതി ലഭിച്ചിട്ടും കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകിയെന്ന വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ വിമര്‍ശനത്തിന് അക്കാദമിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിയും പ്രതികരിച്ചു.
സംവിധായകന്‍റെ അതിക്രമം വല്ലാതെ തളര്‍ത്തി. ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി നല്‍കിയത്. രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണെന്നും പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ അഭിഭാഷകന്‍ വാദിച്ചു. പി.ടി.കുഞ്ഞുമുഹമ്മദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും.
ഐഎഫ്എഫ്കെയില്‍ മലയാളം സിനിമ തിരഞ്ഞെടുക്കുന്ന സമിതി അധ്യക്ഷനും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ ഭാഗത്ത് നിന്ന് ഒരു ചലച്ചിത്ര പ്രവർത്തകയ്ക്കു നേരെയുണ്ടായ ലൈംഗികമായ കയ്യേറ്റം ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന കടുത്ത അപഭ്രംശമാണെന്ന് ഡബ്ല്യൂസിസി. സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച് ചലച്ചിത്ര പ്രവർത്തക ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. അക്കാദമി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഡബ്ല്യൂസിസി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാഷ്ട്രീയ സ്വാധീമുള്ള മുൻ എംഎൽഎയ്ക്ക് രക്ഷപ്പെടാനുള്ള സമയം നൽകലല്ലേ ഈ കാത്തുനിർത്തൽ എന്നും വിമർശിക്കുന്നു. പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ പീഡന പരാതിയില്‍ ചലച്ചിത്ര അക്കാദമിക്ക് വിഴ്ചയുണ്ടായില്ലെന്നാണ് ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയെയും പൊലീസിനെയും അറിയിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ പ്രതികരണത്തിന്‍റെ സാഹചര്യം അറിയില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.