police-kadavathra

കൊച്ചിയിൽ യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരനായ യുവാവിന് അതിക്രൂര മർദനം. ഹണി ട്രാപ്പിൽ കുടുക്കാൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി ഉൾപ്പെടുന്ന അഞ്ചംഗ സംഘം മർദിച്ചത്. അക്രമത്തിൽ വധശ്രമ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് രണ്ടു പേരെ പിടികൂടി

കൊച്ചി പനമ്പള്ളി നഗർ ജംക്‌ഷന് സമീപത്തെ ഹോട്ടലിൽ വച്ചാണ് കൊല്ലം സ്വദേശി അമൽദേവിന് മർദനമേൽക്കുന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഒന്നാംപ്രതി സഫ്നയും സംഘവുമാണ് ഇയാളെ ക്രൂരമായി മർദിച്ചത്. ഞായറാഴ്ച വൈപ്പിനിൽ വച്ച് കാണാമെന്ന് അമൽദേവ് സഫ്നയോട് പറഞ്ഞിരുന്നു. എന്നാൽ ഹോട്ടൽ റൂമിലേക്ക് വരാനായിരുന്നു സഫ്ന ആവശ്യപ്പെട്ടത്. 

അമൽദേവ് റൂമിലെത്തിയതിന് പിന്നാലെ സഫ്നയുടെ കൂട്ടാളികളായ നാലുപേരുമെത്തി. സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇവർ അമൽദേവിനെ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ അമൽ ദേവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി. തുടർന്ന് പ്രതികൾ മാറിമാറി ഇയാളുടെ മുഖത്തടിക്കുകയും, മുതുകിൽ ചവിട്ടുകയും ചെയ്തു.

ഇതിനിടെ ടോർച്ച് ഉപയോഗിച്ച് അമൽ ദേവിന്റെ വലത് കൈപ്പത്തിക്ക് അടിച്ചു. യുവാവിന്റെ തലയ്ക്ക് അടിച്ചെങ്കിലും ഇടതുകൈ കൊണ്ട് തടഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത അമൽദേവിന്റെ നഗ്നചിത്ര ദൃശ്യങ്ങളും ഇവർ പകർത്തി. മർദനത്തിൽ അമൽദേവിന്റെ നട്ടെല്ലിന് പരിക്കേറ്റു. കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. മുഖ്യപ്രതി സഫ്നയടക്കമുള്ളവർക്കായി കടവന്ത്ര പൊലീസ് തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

A deaf and mute disabled man was brutally assaulted by a honey trap gang in Kochi after he refused to engage in sexual activity. This incident highlights the severity of honey trap crimes and the vulnerability of individuals with disabilities.